കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്നു പേര്‍ കൂടി  പിടിയിലായി. സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്. മൂന്നു പേരും രാഷ്ട്രീയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ്. അന്വേഷണം എ.എച്ച്.പിയിലേക്കും വ്യാപിപ്പിക്കുകയാണ് പോലീസ്. ഗൂഢാലോചന അടക്കമുള്ള സംഭവത്തിലായിരിക്കും അന്വേഷണം. എ.എച്ച്.പിയുടെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ്രംഗ് ദള്‍ ആണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ രാഷ്ട്രീയ ബജ്രംഗ് ദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷിനെ (രതീഷ് കാലടി) കഴിഞ്ഞ ദിവസം ആലുവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്‍ ജെ സോജന്‍ അഡീഷണല്‍ എസ്.പിയുടെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

നിരവധി കേസുകളിലെ പ്രതിയാണ് രതീഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് രാഷ്ട്രീയ ബജ് രംഗ് ദളിന്റെ ഭാരവാഹിയാകുന്നത്.

സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ആലുവ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഐ പി സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. 

Content Highlights : minnal murali set destroyed in kalady rashtriya bajrang dal activists 3 more persons arrested