കൊച്ചി: കഥാപാത്രത്തിനു പേരില്ല. സിനിമയിൽ ഒരു ഡയലോഗ് പോലും പറയുന്നുമില്ല. പക്ഷേ, മിന്നൽ മുരളി കുറുക്കൻമൂല എന്ന നാടിന്റെ രക്ഷകനായി മാറുന്ന രംഗത്തിൽ കാണികൾ വീർപ്പടക്കിപ്പിടിച്ച് കണ്ണുനട്ടിരുന്നത് ദേവൂട്ടിയുടെ നേർക്കായിരുന്നു. കൊക്കയിലേക്കു വീഴാൻ തുടങ്ങുന്ന ബസിൽ ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ തൂങ്ങിക്കിടക്കുന്ന ദേവൂട്ടി. മിന്നൽ പോലെ ഒരൊറ്റ രംഗത്തിൽ മാത്രമേയുണ്ടായിരുന്നുള്ളൂവെങ്കിലും അതൊരു ഒന്നൊന്നര മിന്നൽ തന്നെയായിരുന്നു. ‘മിന്നൽ മുരളി’ എന്ന ചിത്രത്തിലെ കഥാപാത്രം ഒരുപാട് അഭിനന്ദനങ്ങൾ സമ്മാനിക്കുമ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് ദേവൂട്ടി എന്നു വിളിക്കുന്ന ദേവനന്ദ.

വിനായകൻ ചിത്രമായ ‘തൊട്ടപ്പനി’ലെ സേറ, ദിലീപ് ചിത്രമായ ‘മൈ സാന്റ’യിലെ അന്ന തെരേസ്, ടൊവിനോ തോമസ് ചിത്രമായ ‘2403 ഫീറ്റി’ലെ സ്നേഹ തുടങ്ങി കുറേ സിനിമകളിൽ വേഷമിട്ടെങ്കിലും ‘മിന്നൽ മുരളി’ സമ്മാനിച്ച തിളക്കം അതിനൊക്കെ അപ്പുറമാണെന്നു ദേവനന്ദ പറയുന്നു.

അന്നയും 40 ചിത്രങ്ങളും

ആലുവയിലെ ‘ദേവൂസ് നെസ്റ്റി’ലേക്കു കയറിച്ചെല്ലുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്നത് ചുമരിൽ തൂങ്ങുന്ന 40 ചിത്രങ്ങളാണ്. ‘മൈ സാന്റ’യിലെ ദേവനന്ദയുടെ കഥാപാത്രമായ അന്ന തെരേസിന്റെ വിവിധ ഫോട്ടോകൾ. ഷൂട്ടിങ് കഴിഞ്ഞപ്പോൾ ചിത്രങ്ങളെല്ലാം അവർ ദേവൂട്ടിക്കു സമ്മാനിച്ചു. “ദിലീപ് അങ്കിളിന്റെ മകളായിട്ടാണ് ‘മൈ സാന്റ’യിൽ അഭിനയിച്ചത്. കാൻസർ ബാധിച്ച കുട്ടിയാണ് അന്ന തെരേസ. കീമോ ചെയ്ത് മുടിയെല്ലാം കൊഴിഞ്ഞ അന്നയാകാൻ ഒരുപാട് ബുദ്ധിമുട്ടി. തലയിൽ പ്രത്യേക തരം ക്യാപ്പ് ഫിറ്റ് ചെയ്ത് അതിനു മുകളിൽ പെയിന്റ് ചെയ്തായിരുന്നു തല മൊട്ടയാക്കിയത്. രാവിലെ സെറ്റിലെത്തിയാൽ രണ്ടര മണിക്കൂറാണ് മേക്കപ്പ്. വൈകുന്നേരമായാൽ അത് അഴിച്ചുകളയണം. പിറ്റേന്നു രാവിലെ വീണ്ടും മേക്കപ്പ് ചെയ്യണം. 24 ദിവസത്തെ ഷൂട്ടിങ്ങിൽ 60 മണിക്കൂർ മേക്കപ്പിന് മാത്രമായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്” - ദേവനന്ദ അന്നയായി മാറിയ കഥ പറയുമ്പോൾ ചുമരിൽ ആ ചിത്രങ്ങൾ സാക്ഷിയായി നിന്നു.

മൂന്നര വയസ്സിലെ എൻട്രി

ആലുവയിൽ ടെക്‌സ്റ്റൈൽസ് ബിസിനസ് നടത്തുന്ന എസ്. ജിബിന്റെയും കേന്ദ്ര ഗവ. ഉദ്യോഗസ്ഥയായ പ്രീതയുടെയും മകളാണ് ദേവനന്ദ. ദേവൂട്ടിയെ മടിയിലിരുത്തി സിനിമയുടെ ലോകത്തെത്തിയതിനെക്കുറിച്ച്‌ അച്ഛൻ ജിബിനാണ് പറഞ്ഞു തുടങ്ങിയത്. “ഒരു പരസ്യ ചിത്രത്തിനായി ‘അമ്പിളി’ എന്ന സിനിമയുടെ ക്യാമറാമാനായിരുന്ന ശരൺ വേലായുധനാണ് എന്നെ വിളിച്ചത്. അവരുടെ പരസ്യ ചിത്രത്തിന് മൂന്നര വയസ്സുകാരിയെ വേണമെന്നു പറഞ്ഞപ്പോൾ ഞാൻ ഓക്കെ പറഞ്ഞു. മൂന്നാറിലെ വട്ടവടയിലായിരുന്നു ഷൂട്ടിങ്. പരസ്യ ചിത്രത്തിലെ അഭിനയം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴാണ് അഖില കേരള സുന്ദരിക്കുട്ടി മത്സരം വരുന്നത്. എട്ടുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി നടത്തുന്ന മത്സരത്തിൽ നാലര വയസ്സുകാരി ദേവൂട്ടി വിന്നറായി. പട്ടുപാവാടയുടെ മോഡലായി കവർചിത്രമായ ദേവനന്ദയുടെ ആ ചിത്രം കണ്ടാണ് ‘തൊട്ടപ്പൻ’ എന്ന ചിത്രത്തിലേക്ക് വിളി വരുന്നത്. അതിനുപിന്നാലെ പിന്നെയും കുറേ സിനിമകളിലേക്കു വിളി വന്നു” - ജിബിൻ പറഞ്ഞു.

ഡ്യൂപ് ഇല്ലാത്ത സാഹസികത

മിന്നൽ മുരളിയിലെ സാഹസിക അഭിനയത്തിന്റെ ത്രിൽ ഇപ്പോഴും ദേവൂട്ടിയെ വിട്ടുപോയിട്ടില്ല. “നല്ല ഉയരത്തിലായിരുന്നു കൊക്കയുടെ സെറ്റ്. അതിന്റെ മുകളിൽനിന്നു വീഴാൻ തുടങ്ങുന്ന ബസിൽ തൂങ്ങിക്കിടക്കുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. ഡ്യൂപ് ഇല്ലാതെയാണ് ഞാൻ അഭിനയിച്ചത്. ശരീരത്തിൽ ആദ്യം കയറിന്റെ ഹുക്ക് ബന്ധിക്കാനുള്ള ഒരു പ്രത്യേക സാധനം ഘടിപ്പിച്ചിരുന്നു. അതിനുമുകളിൽ രണ്ട്‌ ഉടുപ്പിട്ടാണ് ഞാൻ തൂങ്ങിക്കിടക്കുന്ന രംഗത്തിൽ അഭിനയിച്ചത്. നീ പേടിക്കേണ്ട, ധൈര്യമായിരുന്നോളൂയെന്ന്‌ ടൊവിനോ അങ്കിളും സംവിധായകൻ ബേസിൽ അങ്കിളും വിദേശ സ്റ്റണ്ട് മാസ്റ്റർ വ്ളാഡ് റിങ്ബർഗുമൊക്കെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. എന്നെ എടുത്തുകൊണ്ട് ബസിന്റെ മുകളിലേക്കു ചാടുന്ന സീൻ എത്രയോ തവണയാണ് ടൊവിനോ അങ്കിൾ ചെയ്തത്. ഒരു കൈയിൽ കയറും മറ്റേ കൈയിൽ എന്നെയും എടുത്ത്‌ ടൊവിനോ അങ്കിളിന്‌ അങ്ങനെ ഒരുപാട് പ്രാവശ്യം ചെയ്യാൻ കഴിഞ്ഞത് അങ്കിളിന്റെ ഫിറ്റ്‌നസ് കൊണ്ടുമാത്രമാണ്” - ദേവനന്ദ സാഹസികാഭിനയ കഥ പറഞ്ഞു.

അഭിനയവും ഐ.എ.എസും

കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദേവനന്ദ. “സ്‌കൂളിൽ കൂട്ടുകാരും അധ്യാപകരും നല്ല പിന്തുണ നൽകുന്നുണ്ട്. ഭരതനാട്യവും പിയാനോയും ഡ്രോയിങ്ങും പഠിക്കുന്നുണ്ട്. മോഹൻലാൽ ചിത്രമായ ‘ആറാട്ട്’, വിജയ് യേശുദാസിന്റെ ‘സാൽമൺ’, വിനീത് കുമാറിന്റെ ‘സൈമൺ ഡാനിയൽ’ തുടങ്ങി കുറേ സിനിമകൾ ഇനി വരാനുണ്ട്. വലുതാകുമ്പോഴും നല്ലൊരു നടിയായി അറിയപ്പെടണമെന്നാണ് ആഗ്രഹം. നന്നായി പഠിച്ച് ഐ.എ.എസ്. നേടണമെന്നും ആഗ്രഹമുണ്ട്” - സ്വപ്‌നങ്ങളെപ്പറ്റി പറയുമ്പോൾ ദേവനന്ദ പുഞ്ചിരിച്ചു.

Content Highlights : Minnal Murali My santa movie fame Child Artist Devanandha