കാലടി : ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിനായി പണിത സെറ്റ് പൂര്‍ണമായും പൊളിച്ചു നീക്കി. ആലുവ ക്ഷേത്രപരിസരത്ത് ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയില്‍ പണിത സെറ്റ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പൊളിച്ചു നീക്കുകയായിരുന്നു. കാലടി മണപ്പുറം ക്ഷേത്ര കമ്മ്യൂണിറ്റിയുടെ ആവശ്യപ്രകാരമാണ് സെറ്റ് പൊളിച്ചത്. കാലവര്‍ഷത്തിന്റെ ആരംഭത്തോടെ ആലുവ മണപ്പുറത്ത് വെള്ളം കയറാനുളള സാധ്യത കണക്കിലെടുത്താണ് ഈ നടപടി.

അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ രാഷ്ട്രീയ ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത് സോഷ്യല്‍മീഡിയയിലടക്കം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വെച്ചത്. സംഭവത്തില്‍ സൂത്രധാരനായ ബജ് രംഗ് ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ അടക്കം നിരവധി പേര്‍ അറസ്റ്റിലായിരുന്നു. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് രതീഷ് മലയാറ്റൂര്‍.

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് നിര്‍മിച്ചതായിരുന്നു സെറ്റ്. നിബന്ധനകളോടെയായിരുന്നു ഷൂട്ടിങ് അനുമതി. സെറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോഴേക്കും ലോക്ഡൗണായി. തുടര്‍ന്ന് ഷൂട്ടിങ് അനിശ്ചിതത്വത്തിലായി.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍മുരളി. ബാംഗ്ലൂര്‍ ഡെയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. പടയോട്ടം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ ബാനറില്‍ ശ്രീമതി സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

minnal murali set

Content Highlights : minnal murali movie set demolished by film crew basil joseph tovino thomas