മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ കൃഷ്ണദാസ്(28) പിടിയിലായി. കാലടി മാണിക്കമംഗലം സ്വദേശിയാണ് പ്രതി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പെരുമ്പാവൂരില്‍ നിന്നുമാണ് പ്രതിയായ കൃഷ്ണദാസിനെ പിടികൂടിയത്. നിരവധി മേഷണ കേസുകളിലെ പ്രതിയാണ് ഇയാള്‍. എ ടി എം തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിച്ചതിന് കൊരട്ടി ആലുവ സ്റ്റേഷനിലും മാരകായുധങ്ങള്‍ കൈവശം വച്ചതിന് കാലടി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സെറ്റ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിയുമായി മുമ്പോട്ടു പോവുകയാണ് പോലീസ്. സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുകയും നഷ്ടപരിഹാരം നല്‍കലും ആക്ട് മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നീ വകുപ്പുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. പ്രതികളുടെ മുന്‍കാല ചരിത്രം പോലീസ് അന്വേഷിച്ചു വരുന്നു. 

പെരുമ്പാവൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.ജയകുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. ബേസില്‍, അഡീഷണല്‍ എസ്.ഐ.റിന്‍സ് തോമസ്, GASI രാജേന്ദ്രന്‍, സി.പി.ഒ പ്രിജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Content Highlights : minnal murali movie set attack by rashtriy bajrang dal accused arrested tovino thomas