കോട്ടയത്ത് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ നടൻ ഇന്ദ്രൻസിന് ഉപഹാരം സമർപ്പിക്കുന്നു | ഫോട്ടോ: സ്ക്രീൻഗ്രാബ്
കോട്ടയം: വിവാദപരാമർശത്തിന് ശേഷം വേദി പങ്കിട്ട് മന്ത്രി വി.എൻ. വാസവനും നടൻ ഇന്ദ്രൻസും. കോട്ടയം പാമ്പാടിയിലാണ് വിവാദങ്ങൾക്ക് വിരാമമിട്ട സംഭവം അരങ്ങേറിയത്. മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസിനെ മഹാനടനാണെന്നാണ് വി.എൻ. വാസവൻ വിശേഷിപ്പിച്ചത്.
പാമ്പാടിയിലെ സ്വകാര്യസ്കൂളിന്റെ വാർഷികാഘോഷ ചടങ്ങിലാണ് ഇന്ദ്രൻസും മന്ത്രി വി.എൻ.വാസവനും കണ്ടുമുട്ടിയത്. മന്ത്രിയുടെ ക്ഷണപ്രകാരമാണ് ഇന്ദ്രൻസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ചടങ്ങിന് അരമണിക്കൂർ മുമ്പേയെത്തിയ മന്ത്രിക്കരികിലേക്ക് ഇന്ദ്രൻസെത്തി. പിന്നാലെ സുഹൃത്തുക്കളേപ്പോലെ കൈകോർത്തുപിടിച്ചണ് ഇരുവരും വേദിയിലേക്ക് നടന്നത്. ദിവസങ്ങൾ നീണ്ട വിവാദങ്ങൾക്കും ഇതോടെ അന്ത്യമായി.
കലാകേരളത്തിന്റെ അഭിമാനമാണ് ഇന്ദ്രൻസെന്ന് വി.എൻ. വാസവൻ പറഞ്ഞു. അദ്ദേഹം അഭിനയിച്ച് മറക്കാനാവാത്ത എത്രയോ ചിത്രങ്ങളാണ് നമുക്ക് മുന്നിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട്ടിലെ പരിപാടിയിൽ മന്ത്രി ക്ഷണിച്ചതിലെ സന്തോഷം ഇന്ദ്രൻസും പ്രകടിപ്പിച്ചു. മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ല. ഞങ്ങൾ കുറച്ചുമുമ്പ് ജനിച്ചവരായതുകൊണ്ട് പുതിയ തലമുറ സൂക്ഷിക്കുന്നതുപോലെ ചിലപ്പോൾ സൂക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. ഒരുകാലത്ത് അങ്ങനെയൊക്കെയല്ലേ നമ്മൾ ഓരോന്നും അടയാളപ്പെടുത്തിയിരുന്നതും പറഞ്ഞതുമൊക്കെ. ഇനി നമുക്ക് സൂക്ഷിക്കാം, ശ്രദ്ധിക്കാമെന്നും ഇന്ദ്രൻസ് പറഞ്ഞു.
സ്കൂളിന്റെ സ്നേഹസമ്മാനം ഇന്ദ്രൻസിന് മന്ത്രി കൈമാറി. നിയമസഭയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം നടത്തുമ്പോഴാണ് വി.എൻ. വാസവന്റെ വിവാദപരാമർശമുണ്ടായത്. 'സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോൺഗ്രസിന്. ഇപ്പോൾ എവിടെയെത്തി?. യഥാർത്ഥത്തിൽ കോൺഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താൽ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തിനിൽക്കുന്നു' എന്നായിരുന്നു വാസവന്റെ വാക്കുകൾ. രൂക്ഷവിമർശനമായിരുന്നു ഇതിനെതിരെ ഉയർന്നത്.
Content Highlights: minister vn vasavan and indrans in same function, vn vasavan controversial speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..