ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ വിജയക്കൊടി നാട്ടിയതോടെ ജയന്റ് കില്ലർ എന്ന വിളിപ്പേരിന് അര്‍ഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ തന്നെ അട്ടിമറിച്ചാണ് സ്മൃതി പകരംവീട്ടിയത്. രണ്ടാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സ്മൃതി. ഇക്കുറി വനിത ശിശുക്ഷേമ വകുപ്പും കഴിഞ്ഞ തവണ കൈകാര്യം ചെയ്ത ടെക്സ്റ്റൈൽസുമാണ് സ്മൃതിക്ക് ഇക്കുറി ലഭിച്ചത്.

രാഷ്ട്രീയത്തില്‍ ഇറങ്ങും മുന്‍പ് സിരീയല്‍ രംഗത്ത് സജീവമായിരുന്നു സ്മൃതി. അതുകൊണ്ടു തന്നെ സിനിമാ- സീരീയല്‍ രംഗത്ത് സ്മൃതിക്ക് ധാരാളം സുഹൃത്തുക്കളുമുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, നിര്‍മാതാവ് എക്​താ കപൂര്‍ തുടങ്ങിയവര്‍ സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളാണ്. 

ജൂൺ എട്ടിന് ഏക്​താ കപൂറിന്റെ ജന്മദിനമാണ്. ഈ സാഹചര്യത്തിൽ ആത്മാര്‍ഥ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് സ്മൃതി. ഏക്​ത നിര്‍മിച്ച സീരിയലുകള്‍ സ്മൃതി വേഷമിട്ടിട്ടുണ്ട്.

''നിന്റെ പുഞ്ചിരി ഞങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കി. ജീവിതത്തില്‍ എന്ത് പ്രശ്‌നവുമുണ്ടാകട്ടെ. അതിനെ അതിജീവിക്കാനുള്ള കരുത്ത് നീ ഞങ്ങള്‍ക്ക് പകര്‍ന്നു. നിന്റെ വിശ്വാസം ഞങ്ങളുടെ മുറിവുകളെ ഉണക്കി. പ്രക്ഷുബ്ധമായ പലതിനെയും അതിജീവിക്കാന്‍ നീ സഹായിച്ചു. ഇറാനി കുടുംബത്തിന് നിന്നെ കുറിച്ചുള്ള നിര്‍വചനങ്ങള്‍ അനവധിയാണ്. വാക്കുകള്‍ക്ക് അതീതമാണ്. പിറന്നാള്‍ ആശംസകള്‍... റോക്ക്‌സ്റ്റാര്‍, മാസി, സുഹൃത്ത്.-'' സ്മൃതി കുറിച്ചു. 

Content Highlights: minister smriti irani birthday wishes to best friend producer ektha kapoor, ekta kapoor