റിലീസിന് മുന്‍പും റിലീസിന് ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍. ചിത്രം പുറത്തിറങ്ങിയതിന് ശേഷം സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയരുന്നത്. 

സിനിമയ്‌ക്കെതിരേ ആസൂത്രിത ആക്രമണമാണ് നടക്കുന്നത് എന്നാണ് സംവിധായകന്റെ വാദം. അതേസമയം റിലീസിന് മുന്‍പ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് അമിതപ്രതീക്ഷ നല്‍കിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായി തീര്‍ന്നതെന്നാണ് മറുവാദം. എന്തായാലും സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സെലിബ്രിറ്റികടക്കം ഒട്ടനവധിപേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ വലിയ ചര്‍ച്ചയാവുകയാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ എഴുതിയ നിരൂപണം. ഫെയ്‌സ്ബുക്കിലാണ് ജി. സുധാകരന്‍ ഒടിയനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. 

ജി സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.

ഡിസംബര്‍ 14 ന് കേരള ഹര്‍ത്താലിനെ അതീജിവിച്ചാണ് മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ഒടിയന്‍ എന്ന സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പക്ഷേ പെട്ടെന്ന് തന്നെ ചിത്രത്തിന് എതിരെ കുപ്രചരണ വാര്‍ത്തകള്‍ കേട്ടു. അതുകൊണ്ട് സിനിമ ഒന്ന് കാണണമെന്ന് തോന്നി. ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

കെ. ഹരികൃഷ്ണന്‍ വ്യത്യസ്തമായ കഥയൊരുക്കി വി.എ. ശ്രീകുമാര്‍ മേനോന്‍ അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ചു വാര്യരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം. എം.ജയചന്ദ്രന്റെ മികച്ച സംഗീതവും, പ്രഭാവര്‍മ്മയുടെ ഗാനവും, ഷാജി കുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട് എന്ന് മറുചിന്തയില്ലാതെ വിശേഷിപ്പിക്കാം. മഞ്ജുവാരിയരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ. സിനിമയിലാകെ വളരെ സന്ദര്‍ഭോചിതമായി സംഭാഷണം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥനീങ്ങുന്നത്. മൂല്യബോധമുള്ള സിനിമയാണ്.

ContenT highlights: minister g sudhakaran about odiyan movie mohanlal va shrikumar menon review