പൃഥ്വിരാജിന്റെ പേരില്‍ വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുണ്ടാക്കിയ മിമിക്രി കലാകാരന്‍ മാപ്പു പറഞ്ഞ് രംഗത്ത്. തന്റെ പേരും ശബ്ദവും അനുകരിച്ച് ക്ലബ് ഹൗസില്‍ സജീവമായിരുന്ന അക്കൗണ്ടിനെതിരേ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. തുടര്‍ന്നാണ് മാപ്പപേക്ഷയുമായി അയാള്‍  നേരിട്ട്  വന്നത്. 

താന്‍  പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണ്. പൃഥ്വിരാജ് ചെയ്ത സിനിമകളിലെ ഡയലോഗ് കാണാതെ പഠിച്ച് മറ്റുള്ളവരെ രസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പറ്റിയ്ക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോള്‍ തെറ്റു ബോധ്യമായി. പൃഥ്വിരാജിനോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പ് പറയുന്നുവെന്നും അയാള്‍ കുറിച്ചു.

അയാള്‍ അയച്ച സന്ദേശം പൃഥ്വിരാജ് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ച്ചു. നിരുപദ്രവകരമായ ഒരു തമാശയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി. എന്നാല്‍ അതുകൊണ്ടുണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലായെന്ന് കരുതുന്നു. തെറ്റ് മനസ്സിലാക്കിയതില്‍ സന്തോഷം. മിമിക്രി എന്നത് ഒരു മഹത്തരമായ കലയാണ്. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ഒട്ടനവധിപേര്‍  ഇന്ന് മലയാള സിനിമയിലുണ്ട്. നന്നായി പ്രയത്‌നിക്കുക. എല്ലാ ഭാവുകങ്ങളും- പൃഥ്വിരാജ് കുറിച്ചു.

Content Highlights: Mimictry artist apologizes to Prithviraj Sukumaran for Fake club house account