ആരാന്റെ കാര്യത്തില്‍ ഇടപെടാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. ഇനി അതൊരു സെലിബ്രിറ്റി ആണെങ്കില്‍ പ്രത്യേകിച്ചും. താരങ്ങളെന്നാല്‍ സ്വകാര്യ ജീവിതം നിഷേധിക്കപ്പെട്ടവര്‍ എന്നാണ് മിക്കവരും കരുതി പോരുന്നത്. ഇത്തരത്തില്‍ താരങ്ങളുടെ ജീവിത്തിലെ ഓരോ ഏടും ഇഴ കീറി പരിശോധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കൂടി അവരെ പൊങ്കാലയിട്ട് മടുപ്പിച്ചാലേ ചിലര്‍ക്കൊരു സ്വസ്ഥതയുള്ളു. അക്കൂട്ടരുടെ പുതിയ ഇരയാണ് മോഡലും നടനുമായ മിലിന്ദ് സോമന്‍.

തന്റെ കാമുകിയുമൊത്തുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ കൂടി പങ്കുവച്ചതിനാണ് മിലിന്ദിനു പൊങ്കാല ഏറ്റ് വാങ്ങേണ്ടി വന്നത്. ഇവിടെ വില്ലനായത് രണ്ടു പേരുടെയും വയസ്സുകള്‍ തമ്മിലുള്ള വ്യത്യാസമാണ്. അമ്പത്തിരണ്ടുകാരന്‍ മിലിന്ദിന്റെ കാമുകിക്ക് പതിനെട്ട് വയസ്സായതെ ഉള്ളു എന്നത് ചില ദോഷൈകദൃക്കുകള്‍ക്ക് ദഹിച്ച മട്ടില്ല. കഴിഞ്ഞദിവസം കാമുകിയായ അങ്കിത കാന്‍വാറിനൊപ്പം തന്റെ അമ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച മിലിന്ദിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

 

Thank you all for your wishes! Have funnnnn !! :) #Tromso #NorthernLights

A post shared by Milind Usha Soman (@milindrunning) on

അപ്പൂപ്പന് ജന്മദിനാശംസകള്‍, കുറച്ചു കൂടി ചെറിയ പെണ്ണിനെ നോക്കികൂടായിരുന്നോ, ഇയാള്‍ മനോരോഗിയാണ്,  കൊച്ചുമകള്‍ കാണാന്‍ വളരെ ക്യൂട്ട് ആണെന്ന് തുടങ്ങി നിരവധി അധിക്ഷേപങ്ങളാണ് ചിത്രങ്ങള്‍ക്ക്  ലഭിച്ചത്. മിലിന്ദിനെ പിന്തുണയ്ക്കുന്നവരോട് നിങ്ങളുടെ മകളെ ഇങ്ങനൊരു ബന്ധത്തിന് സമ്മതിക്കുമോ എന്നും അമ്പത്തിരണ്ടുകാരന്‍ പതിനെട്ടുകാരിയെ ഡേറ്റിംഗ് അല്ല ചൂഷണമാണ് ചെയ്യുന്നതെന്നും അമ്പത് വയസായാലും പ്രശ്‌നമില്ല പെണ്ണ് കിട്ടുമെന്ന പ്രതീക്ഷയുണ്ട് പക്ഷെ ആരോഗ്യമുണ്ടായിരിക്കണമെന്ന് പറഞ്ഞവരും പ്രണയത്തിന് പ്രായം ഒരു ഘടകമേ അല്ലെന്ന് പറഞ്ഞു കമന്റിട്ടവരും കുറവല്ല. പല്ല് തേച്ചുകൊണ്ടിരിക്കുന്ന അങ്കിതയുടെ കൂടെ നിന്നെടുത്ത ചിത്രത്തിനും അധിക്ഷേപങ്ങള്‍ നിരവധിയാണ്.

 

Happy arctic time at my @airbnb home in Oslo and Tromso #livethere #ad #Never2early4aselfie 😂 @earthy_5

A post shared by Milind Usha Soman (@milindrunning) on

അങ്കിത കാന്‍വാര്‍ ഒരു എയര്‍ ഹോസ്റ്റസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ പ്രായം പതിനെട്ടാണെന്നും അല്ല ഇരുപത്തിരണ്ടാണെന്നുമുള്ള അഭിപ്രായങ്ങളുമുണ്ട്. അത് എന്ത് തന്നെയായാലും പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് ആരെ പ്രണയിക്കണമെന്ന് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും  വെറുതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതെന്തിനാ അവരെ അവരുടെ പാട്ടിനു വിടൂ എന്നും തുടങ്ങി കട്ട പിന്തുണയുമായി മിലിന്ദിന്റെ ആരാധകരും രംഗത്തുണ്ട്. അങ്കിതയുടെ പടങ്ങള്‍ മിലിന്ദ് നേരത്തെയും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നു.