ദിലീഷ് പോത്തനും ചേതന്‍ ജയലാലും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഷോര്‍ട്ട് ഫിലിം കേരളാ രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍. രമ്യാ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മിഡ് നൈറ്റ് റണ്‍ എന്ന ഹ്രസ്വചിത്രമാണ് ഐഡിഎസ്എഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബി ടി അനില്‍കുമാറിന്റേതാണ് കഥ. പൂര്‍ണമായും ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് പതിനാല് മിനുട് ദൈര്‍ഘ്യമുള്ള ചിത്രം. ജൂലൈ 20ന് തുടങ്ങുന്ന ഹ്രസ്വചലച്ചിത്രമേളയില്‍ 21ന് വൈകിട്ട് ആറ് മുപ്പതിന് നിളാ തിയറ്ററിലാണ് മിഡ്നൈറ്റ് റണ്‍ പ്രദര്‍ശിപ്പിക്കുന്നത്.

റിയലിസ്റ്റിക് ത്രില്ലര്‍ സ്വഭാവത്തിലാണ് ഷോര്‍ട് ഫിലിം ഒരുക്കിയിരിക്കുന്നത്. കലി, അങ്കമാലി ഡയറീസ്, സോളോ, വിജയ്-ഏ ആര്‍ മുരുഗദോസ് ചിത്രം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ് മിഡ് നൈറ്റ് റണ്ണിന്റെ ക്യാമറ. കിരണ്‍ ദാസ് എഡിറ്റിംഗും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. സതീഷ് എരിയലത്താണ് നിര്‍മ്മാണം. 

ദിലീഷ് പോത്തനെയും ചേതനെയും കൂടാതെ ഒരു ലോറിയും മിഡ്നൈറ്റില്‍ റണ്ണില്‍ കഥാപാത്രമായുണ്ട്.