'വാരിയംകുന്നൻ' സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളിൽ സംവിധായകൻ ആഷിഖ് അബുവിനും നടൻ പൃഥ്വിരാജിനും പിന്തുണയുമായി സിനിമാ പ്രവർത്തകർ. 

സംവിധായകരായ മിഥുൻ മാനുവൽ തോമസ്, അരുൺ ഗോപി,എന്നിവരാണ് ആഷിഖിനും പൃഥ്വിക്കും പിന്തുണയുമായെത്തിയത്. 

“സിനിമയെ ആർക്കാണ് പേടി?? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.. !!” എന്നാണ് മിഥുൻ മാനുവൽ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

“ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്…!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ,” അരുൺ ഗോപിയും ഫെയ്സ്ബുക്കിൽ കുറിച്ചു

വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ  ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ പൃഥ്വിക്കും ആഷിഖിനുമെതിരേ ആക്രമണം രൂക്ഷമാകുന്നത്. ചിത്രത്തിൽ നിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്. 

Content Highlights : Midhun Manuel Thomas, Arun gopy Supports variyamkunnan movie team, Prithviraj Aashiq Abu