പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ ചിമ്പാന്‍സിയെക്കുറിച്ച് ആനിമേഷന്‍ ചിത്രമൊരുങ്ങുന്നു. ബബിള്‍സ് എന്ന ചിമ്പാന്‍സിയെക്കുറിച്ചുള്ള ചിത്രത്തിന്റെ അവകാശം നെറ്റ്ഫ്ളിക്‌സ് കരസ്ഥമാക്കിക്കഴിഞ്ഞു. രണ്ട് കോടി ഡോളറിനാണ് നെറ്റ്ഫഌക്‌സ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.

എസക്ക് ആഡംസനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തോര്‍: രഗ്‌നരോക്, ഹണ്ട് ഫോര്‍ വൈല്‍ഡര്‍പീപ്പിള്‍ തുടങ്ങിയ ഒരുിക്കയ തൈക്ക വൈറ്റിയും ഫന്റാസ്റ്റിക് മിസ്റ്റര്‍ ഫോക്‌സിന്റെ ആനിമേഷന് മേല്‍നോട്ടം വഹിച്ച മാര്‍ക്ക് ഗുഫാസ്റ്റണുമാണ് സഹസംവിധായകര്‍.

Michael Jackson

മൈക്കല്‍ ജാക്‌സനാവാന്‍ അനുയോജ്യനായ നടനെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാലാണ് ചിത്രം ആനിമേഷനായി നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കോമഡി പരമ്പരയിലെ മൈക്കല്‍ ജാക്‌സനായി ജോസഫ് ഫിയേന്നെസിനെ അവതരിപ്പിച്ചത് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

1983ലാണ് മൈക്കല്‍ ജാക്‌സണ്‍ ചിമ്പാന്‍സിക്കുഞ്ഞിനെ ദത്തെടുക്കുന്നത്. ബബിള്‍സ് എന്ന് പേരിട്ട അവന്‍ പിന്നീട് ഒരു സെലിബ്രിറ്റിയെപ്പോലെയാണ് ജീവിച്ചുപോന്നത്. ഊണുമുറക്കവുമെല്ലാം ജാക്‌സനൊപ്പമായിരുന്നു. വിദേശയാത്രകളിലും റെക്കോഡിങ് സമയത്തുമെല്ലാം ബബിള്‍സ് ജാക്‌സനെ അനുഗമിച്ചു. ജപ്പാനിലേയ്ക്ക് ഒന്നിച്ച് യാത്ര ചെയ്ത ഇവര്‍ ഒരു കപ്പില്‍ നിന്ന് ചായ കുടിച്ച് വലിയ വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു.

1991ല്‍ ജാക്‌സന്റെ വീട്ടില്‍ നടന്ന എലിസബത്ത് ടെയ്‌ലറിന്റെ വിവാഹച്ചടങ്ങില്‍ മോതിരം കൈമാറാന്‍ ബബിള്‍സിനെയാണ് ചുതമലപ്പെടുത്തിയെന്ന മട്ടില്‍ വാര്‍ത്ത പരന്നിരുന്നു. ഒടുവില്‍ ടെയ്‌ലറുടെ ഔദ്യോഗിക വക്താവ് തന്നെ നിഷേധക്കുറിപ്പുമായി രംഗത്ത് വരികയായിരുന്നു.

വലുതായശേഷം ജാക്‌സണ്‍ ബബിള്‍സിനെ മൃഗശാലയ്ക്ക് കൈമാറുകയാണുണ്ടായത്. 2005ല്‍ ഫ്‌ളോറിഡയിലെ ഒരു വന്യമൃഗസങ്കേതത്തിലായിരുന്നു ബബിള്‍സിന്റെ അന്ത്യം.