ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടന്‍ മൈക്കിള്‍ കെ വില്യംസ് (54) മരിച്ച നിലയില്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയിലാണ് വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

കുറച്ച് ദിവസങ്ങളായി വില്ല്യംസിനെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മരുമകനാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ സംഘവും പോലീസും എത്തിയതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടും.

1995 ല്‍ മഗ്‌ഷോട്ട് എന്ന ചിത്രത്തിലൂടെയാണ് വില്ല്യംസ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.  ബ്രിഗിങ് ഔട്ട് ദ ഡെത്ത്, ബോണ്ടേജ്, ലൈഫ് ഡൂറിങ് വാര്‍ടൈം, 12 ഇയേഴ്‌സ് എ സ്ലേവ്, ദ ഗാംബ്ലര്‍, ദ പബ്ലിക് തുടങ്ങിയവ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. 2002 മുതല്‍ 2008 വരെ സംപ്രേഷണം ചെയ്യപ്പെട്ട ദ വയര്‍ എന്ന സീരീസിലെ ഒമര്‍ ലിറ്റില്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. എമ്മി പുരസ്‌കാരത്തിന് അഞ്ച് തവണ നാമ നിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. 

Content Highlights: Michael K. Williams the wire Omar little found dead, American Film Television actor