ദിലീപ് | ഫോട്ടോ: പി.ടി.ഐ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണിൽ ഉപയോഗിച്ചു എന്ന കണ്ടെത്തൽ ഗുരുതരമെന്ന് പ്രോസിക്യൂഷൻ. സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. തുടരന്വേഷണം നീട്ടിച്ചോദിച്ചുള്ള ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് പ്രോസിക്യൂഷൻ ആയുധമാക്കിയേക്കും. കഴിഞ്ഞദിവസം പുറത്തുവന്ന ഫോറൻസിക് പരിശോധനയിലാണ് മെമ്മറി കാർഡ് വിവോ ഫോണിൽ ഉപയോഗിച്ചെന്ന വിവരം പുറത്തുവന്നത്.
തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷൻ അടുത്തദിവസം ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് സുപ്രീകോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്ന വാദം അന്വേഷണസംഘം മുന്നോട്ടുവെയ്ക്കുക. 2019 സെപ്റ്റംബറിൽ ദിലീപ് ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് അതിജീവിത കേസിൽ കക്ഷി ചേരുകയും ദൃശ്യങ്ങൾ കാണിക്കരുതെന്നും അത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നും പറഞ്ഞിരുന്നു.
അന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതികളേയും മറ്റും ദൃശ്യങ്ങൾ കാണിക്കുമ്പോൾ അതീവശ്രദ്ധവേണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. മെമ്മറി കാർഡിന്റെ ഉള്ളടക്കം പകർത്തപ്പെടാൻ സാധ്യതയുള്ളതിനാൽ ദൃശ്യങ്ങൾ കാണിക്കുമ്പോൾ മൊബൈൽ ഫോൺ പ്രതിഭാഗം കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിച്ചതാരെന്ന് കണ്ടെത്തണമെന്ന് അന്വേഷണസംഘത്തോട് കഴിഞ്ഞദിവസം വിചാരണക്കോടതി നിർദേശിച്ചിരുന്നു. തുടരന്വേഷണത്തിന് അനുവദിച്ച സമയം തീർന്നതിനെത്തുടർന്ന് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം സ്പെഷ്യൽ അഡിഷണൽ സെഷൻസ് കോടതി ഇക്കാര്യം പറഞ്ഞത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് 2021 ജൂലായ് 19-ന് ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെ ജിയോ സിംകാർഡുള്ള ഒരു വിവോ ഫോണിലിട്ടു പരിശോധിച്ചെന്ന് ഫൊറൻസിക് വിഭാഗം റിപ്പോർട്ടു നൽകിയിരുന്നു. കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായും റിപ്പോർട്ടിലുണ്ടായിരുന്നു.
മെമ്മറി കാർഡ് പരിശോധിക്കുന്ന സമയം അന്വേഷണ ഉദ്യോഗസ്ഥരോ പ്രതിഭാഗം അഭിഭാഷകരോ പ്രോസിക്യൂഷൻ അഭിഭാഷകരോ കോടതിയിലുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രതിഭാഗം അഭിഭാഷകരുടെയും സി.ഡി.ആർ.(കോൾ ഡീറ്റെയിൽസ് റെക്കോഡ്) പരിശോധിച്ചതിലൂടെയാണ് ഇത് വ്യക്തമായത്.
ഒന്നാംപ്രതി പൾസർ സുനിയുടെ അഭിഭാഷകൻ ദൃശ്യങ്ങൾ കണ്ടുവെന്ന് വാദമുയർന്നിരുന്നു. എന്നാൽ, അന്നു പകൽ രണ്ടുവരെ അഭിഭാഷകൻ തൃപ്പൂണിത്തുറയിലായിരുന്നുവെന്നും സി.ഡി.ആർ. റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും പകൽ 1.15-വരെ ആലുവ പോലീസ് ക്ലബ്ബിലായിരുന്നു. ഇക്കാര്യം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും.
അതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഫൊറൻസിക് ഇമേജിന്റെ പകർപ്പുകൾ തിങ്കളാഴ്ച അന്വേഷകസംഘം ഹൈക്കോടതിയിലെത്തിക്കും. കോടതിനിർദേശപ്രകാരം ഫൊറൻസിക് ഇമേജിന്റെ പകർപ്പുകൾ ശനിയാഴ്ച തിരുവനന്തപുത്തെ ലാബിൽനിന്ന് അന്വേഷകസംഘം ശേഖരിച്ചു.
ദൃശ്യങ്ങൾ ചോർന്നത് അന്വേഷിക്കാൻ കോടതിജീവനക്കാരെ ചോദ്യംചെയ്യുന്നതിന് കോടതിയുടെ അനുമതി വേണം. മെമ്മറി കാർഡ് ഉപയോഗിച്ചെന്ന് പറയുന്ന വിവോഫോൺ ഏതെന്ന് കണ്ടെത്തുവാനും കോടതിജീവനക്കാരെ ചോദ്യംചെയ്യേണ്ടതുണ്ട്. തുടരന്വേഷണ കാലാവധിയെ ആശ്രയിച്ചാകും ഇക്കാര്യത്തിലുൾപ്പെടെ തീരുമാനമെടുക്കുക.
Content Highlights: memory card issue in actress attack case, dileep case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..