ണ്‍ലൈന്‍ ഇടങ്ങളിലെ അക്രമസ്വഭാവവും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്നതിനെതിരേ ശബ്ദമുയര്‍ത്തി സിനിമാതാരങ്ങളും സംവിധായകരും. വ്യക്തിഹത്യ മൂലം ട്വിറ്റര്‍ വിട്ട അനുരാഗ് കശ്യപിനെ പിന്താങ്ങി സംവിധായിക അപര്‍ണ സെന്‍, നടന്‍ പരമ്പ്രത ഛതോപാധ്യായ, സോഹാഗ് സെന്‍, കൗശിക് സെന്‍ തുടങ്ങിയവര്‍ രംഗത്തുവന്നു.

അനുരാഗ് കശ്യപിനെ ട്വിറ്ററില്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ആക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തിന് പിറകില്‍ പിന്തുണയുമായി ഉറച്ചുനില്‍ക്കുന്നതിനൊപ്പം ഗൗരവകരമായ ഒരു വിഷയം ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആധാരശിലയാണ്. സംവാദങ്ങളും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കുന്നത് ജനാധിപത്യത്തെ ഛിന്നഭിന്നമാക്കുന്നതിന് തുല്ല്യമാണ്. പൊതുവേദിയില്‍ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ ആക്രമണത്തിന് വിധേയനായ വ്യക്തിയാണ് അനുരാഗ് കശ്യപ്. ഇത് ചെറുക്കപ്പെടേണ്ട ഒരു പ്രവണതയാണ്. ഇതിനെതിരേ നിലകൊള്ളുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്-പ്രധാനമന്ത്രിക്കുള്ള തുറന്ന കത്തിൽ ഒപ്പിട്ട 28 ചലച്ചിത്ര പ്രവർത്തകർ പഞ്ഞു.

'നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിരന്തരം ഫോണ്‍കോളുകള്‍ വരിക. മകള്‍ക്ക് ഓണ്‍ലൈന്‍ ഭീഷണികളും.. ഇതെല്ലാം കണ്ടാലറിയാം. നമ്മള്‍ സംസാരിക്കരുതെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതിനു കാരണമൊന്നും വേണ്ട. തഗ് ലൈഫുകളും ട്രോളുകളുമായി പുതിയ ജീവിതമാകും പിന്നെ. പുതിയ ഭാരതത്തിലെ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങളിതൊക്കെ അതിജീവിക്കുമെന്ന് വിശ്വസിച്ചുകൊണ്ട്.' ഇതായിരുന്നു ട്വിറ്ററിലെ അനുരാഗ് കശ്യപിന്റെ അവസാന കുറിപ്പ്.

രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ വർധിച്ചുവരുന്നതിനെതിരേ പ്രധാനമന്ത്രിക്ക് കത്തെഴുതിയവരിൽ ഒരാളായിരുന്നു അനുരാഗ് കശ്യപ്. ഇതിനുശേഷം വൻ ആക്രമണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരേ നടന്നത്. അന്ന് അനുരാഗ് കശ്യപിനൊപ്പം പ്രധാനമന്ത്രിക്കുള്ള കത്തിൽ ഒപ്പിട്ടവരിൽ അപർണ സെന്നും ഉണ്ടായിരുന്നു.

Content Highlights : members of Kolkatha Civil Society directors and actors raise voice against violence in online platforms