1989ല്‍ പുറത്തിറങ്ങിയ മേം നേ പ്യാര്‍ കിയാ എന്ന ഹിറ്റ് ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്റെ നായികയായി സിനിമയിലെത്തിയ നടിയാണ് ഭാഗ്യശ്രീ. പിന്നീട് ചില കന്നഡ, തെലുങ്ക് മറാത്തി ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും സിനിമയില്‍ തിളങ്ങാന്‍ ഈ നടിക്കായില്ല. വിവാഹശേഷം തുടര്‍ച്ചയായ ഇടവേളകള്‍ എടുത്തത് നടിയുടെ സിനിമാകരിയറിനെ ബാധിച്ചുവെന്നു വേണം പറയാന്‍.

ഇപ്പോള്‍ പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തിലൂടെ ഭാഗ്യശ്രീ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്. സിനിമയുടെ പേര് ഇനിയും പുറത്തു വിട്ടിട്ടില്ല. ചിത്രത്തിലെ വേറിട്ട കഥാപാത്രം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ആ കഥാപാത്രമാകാനുളള തീവ്ര പരിശ്രമത്തിലാണെന്നും നടി പറഞ്ഞു. ലോക്ഡൗണിനു മുമ്പെ ചിത്രീകരണം ആരംഭിച്ചിരുന്നുവെന്നും നടി പിങ്ക്വില്ലയോട് പറഞ്ഞു.

സിനിമ വിട്ടത് വിവാഹജീവിതവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണമാണെന്നും ഭാഗ്യശ്രീ പറയുന്നു. ഭര്‍ത്താവിനൊപ്പം അധികസമയം ചെലവഴിക്കാന്‍ ആയിരുന്നു വിവാഹശേഷം തന്റെ ശ്രമമെന്നും നടി വെളിപ്പെടുത്തി. അതായിരുന്നു അന്ന് തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്ന കാര്യമെന്നും നടി പറയുന്നു.

bhagyashree

ഭോജ്പൂരി, ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുളള നടി ഹിമാലയ ദസ്സാനിയെയാണ് വിവാഹം ചെയ്തത്. അഭിമന്യു ദസ്സാനി, അവന്തിക ദസ്സാനി എന്നിവര്‍ മക്കളാണ്. അഭിമന്യു അഭിനേതാവാണ്. 2019ല്‍ പുറത്തു വന്ന മര്‍ദ് കോ ദര്‍ദ് നഹീ ഹോതാ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിയിരുന്നു.

Content Highlights : mein ne pyar kiya actress bhagyashree makes a comeback through prabhas telugu movie