
മിഹെൽപ്പ് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ഹ്രസ്വചിത്രങ്ങൾ ഒന്നിൽ നിന്നും| screengrab: youtube.com|channel|UCiMktU8Qlbx8NmivhuR97_w
യു.കെ യിലെ ലെയ്സെസ്റ്ററിൽ ഡി മോണ്ട്ഫോർട്ട് സർവകലാശാലയിലെ പ്രൊഫസറായ രഘു രാഘവന്റെ നേതൃത്വത്തിൽ ഇന്ത്യൻ-യു.കെ ആസ്ഥാനമായുള്ള പ്രൊഫസർമാരും നാടക കലാകാരന്മാരും ഒരുമിച്ചുള്ള സഹകരണ പദ്ധതിയാണ് 'മി ഹെല്പ് '(മെന്റൽ ഹെൽത്ത് ലിറ്ററസി പ്രൊജക്റ്റ്). കേരളീയ പശ്ചാത്തലത്തിൽ മാനസികാരോഗ്യ സാക്ഷരതയെ കുറിച്ചുള്ള അവബോധം പരിഗണിക്കുന്നതിനോടൊപ്പം തന്നെ, തീയേറ്റർ അധിഷ്ഠിത പ്ലാറ്റുഫോമുകളിലൂടടെ മാനസികാരോഗ്യത്തെ കുറിച്ച് അർത്ഥവത്തായ സംഭാഷണങ്ങൾക്ക് ഒരു തുടക്കം കുറിക്കുകയും മി ഹെല്പ് ചെയ്യുന്നു.
കേരളത്തിലുടനീളമുള്ള ഒരു ഹ്രസ്വചിത്ര മത്സരത്തിലൂടെ മാനസികാരോഗ്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് സമൂഹങ്ങളെ ബോധവൽക്കരിക്കാനും അറിയിക്കാനും മി ഹെല്പ് ശ്രമിക്കുന്നു. വിഷ്വൽ മീഡിയയുടെ സഹായത്തോടെ മാനസികാരോഗ്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ചും പൊതുജന അവബോധം പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. കോവിഡ് 19 നിലവിലുള്ള മുഴുവൻ പദ്ധതികളെയും തകിടം മറിച്ചപ്പോൾ , ലോകം മുഴുവൻ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ , അപ്രതീക്ഷിത ലോക്ക്ഡൗൺ മനുഷ്യരുടെ മാനസികാരോഗ്യത്തെ ബാധിച്ചു തുടങ്ങിയപ്പോൾ , എങ്ങനെ നമുക്ക് ആളുകളിലേക്ക് എത്താം എന്ന ചിന്തകളും കൂടിയാലോചനകളുമാണ് ഈ ഹ്രസ്വചിത്ര മത്സരത്തിന് പ്രചോദനമായത്.
കോവിഡ് മൂലമുള്ള എല്ലാ നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്ന് പോലും ഈ മത്സരത്തിന് മികച്ച സ്വീകാര്യത ലഭിക്കുകയും , ആളുകളുടെ സജീവ പങ്കാളിത്തം ഉണ്ടാകുകയും ചെയ്തിരുന്നു. കേരളത്തിലെ ജനങ്ങൾക്കിടയിൽ മാനസിക ആരോഗ്യ സാക്ഷരത വർധിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ആരംഭിച്ച മെന്റൽ ഹെൽത്ത് ലിറ്ററസി പ്രൊജക്റ്റ് സംഘടിപ്പിച്ച ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഫലങ്ങൾ ഡിസംബർ 6 നു പ്രഖ്യാപിച്ചു. കഴിഞ്ഞ ഓഗസ്റ് മാസത്തിലാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. 'മെന്റൽ ഹെൽത്ത് മാറ്റേഴ്സ്' എന്ന വിഷയത്തെ ആസ്പദമാക്കി നാലു മിനിറ്റിൽ കവിയാത്ത ഹ്രസ്വ ചിത്രങ്ങളാണ് മത്സരത്തിലേക്ക് ക്ഷണിക്കപ്പെട്ടത്. സെപ്റ്റംബർ 1 ന് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 236 മലയാളികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
സെപ്റ്റംബർ മാസം അവസാനത്തോടെ 77 ഓളം സിനിമകൾ മത്സരത്തിന് തയ്യാറായി. സിനിമ-നാടക രംഗത്തും മാനസികരോഗ്യ രംഗത്തും പ്രാവീണ്യം തെളിയിച്ച അഞ്ചു പേരടങ്ങുന്ന വിധി കർത്താക്കൾ ആണ് മത്സരത്തിന്റെ വിധി തീരുമാനിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 20 ഓളം മികച്ച സിനിമകൾ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മിഹെല്പ് യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിച്ചു. മലയാള സിനിമ രംഗത്തെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ശ്യാമപ്രസാദ് മുഖ്യ വിധി കർത്താവായ പാനലിൽ, നാടക സംവിധായകനും, നടനും, എഴുത്തുകാരനുമായ ചന്ദ്രദാസൻ, മലയാള സിനിമ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച ഗൗതമി നായർ, മിഹെല്പ് ഇന്ത്യ എന്ന പദ്ധതിയുടെ മുഖ്യ ഗവേഷകനും, ഡി മോണ്ട് ഫോർട്ട് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോക്ടർ രഘു രാഘവൻ, ബാംഗ്ലൂർ നിംഹാൻസിലെ പ്രൊഫസ്സർ ആയ ഡോക്ടർ. മീന കെ എസ് എന്നിവരായിരുന്നു ഫിലിം ഫെസ്റ്റിവലിന്റെ വിധി കർത്താക്കൾ. ഡിസംബർ 6 ന് ഉച്ചക്ക് 2 മണിക്ക് നടന്ന വെബിനാറിൽ വിധി കർത്താക്കൾ വിജയികളെ പ്രഖ്യാപിച്ചു. ഭാനുണ്ണി നായർ സംവിധാനം നിർവഹിച്ച 'ഇറ്റ് ഈസ് നോട് ദി എൻഡ് ' ആണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. റോസ് ജോബിസ് സംവിധാനം ചെയ്ത 'ഇന്നർ കോംബാറ്റ് ' ആണ് രണ്ടാമത്തെ മികച്ച സിനിമ. മികച്ച സിനിമക്ക് 25,000 രൂപയും, രണ്ടാമത് മികച്ച സിനിമക്ക് 15,000 രൂപയും ആണ് ലഭിക്കുക. കൂടാതെ വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയതിനു നാല് സിനിമകൾക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ലോക്ഡോൺ സമയത്തെ മാനസിക ആരോഗ്യം, കുട്ടികളുടെയും മുതിർന്നവരുടെയും മാനസിക ആരോഗ്യം, വിവിധ മാനസിക രോഗങ്ങൾ, മാനസിക രോഗങ്ങളോടും രോഗികളോടുമുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് എന്നിങ്ങനെ വ്യത്യസ്ത കഥകൾ പരാമർശിക്കുന്ന ചിത്രങ്ങൾ ആണ് മത്സരത്തിന് എത്തിയത്.
മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ തുടക്കം മുതൽ തന്നെ മി ഹെല്പ് നടത്തി വന്നിരുന്നു. സമൂഹ തിയേറ്റർ അവതരണങ്ങളിലൂടെ രോഗത്തെ കുറിച്ച് അവബോധം സൃഷ്ഠിക്കുകയായിരുന്നു ആദ്യപടി.നാടകം, കഥ പറച്ചിൽ, സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള ക്യാമ്പയിനുകൾ എന്നിങ്ങനെ ഹ്രസ്വചിത്രങ്ങൾ വരെ എത്തി നിൽക്കുന്ന പദ്ധതികളിലൂടെ മാനസികാരോഗ്യത്തെ കുറിച്ച് ഒരു തുറന്ന സംവാദത്തിനാണ് മി ഹെല്പ് വഴിയൊരുക്കുന്നത്.
മി ഹെല്പ് പദ്ധതിയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും http://mehelp-india.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ, തീയറ്റർ വർക്കുകളും, വെബിനാറുകളും, തിരഞ്ഞെടുത്ത ഹ്രസ്വചിത്രങ്ങളും കാണുവാൻ എന്ന MeHeLP India യുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാവുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..