-
പത്ത് വർഷങ്ങൾ നീണ്ട പ്രണയം, ഒടുവിൽ 2018 ൽ വിവാഹം. ഒരുമിച്ച് ജീവിച്ച് കൊതിതീരും മുൻപേയാണ് നടൻ ചിരൻഞ്ജീവി സർജയെ മേഘ്ന രാജിൽ നിന്നും മരണം തട്ടിയെടുത്തത്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.
ചിരഞ്ജീവിയുടെ അപ്രതീക്ഷിത വേർപാടിൽ ഉലഞ്ഞ മേഘ്നയുടെ ചിത്രങ്ങളും വീഡിയോയും നൊമ്പരക്കാഴ്ച്ചയായിരുന്നു. ഇപ്പോഴിതാ ഹൃദയസ്പർശിയായ കുറിപ്പിലൂടെ ചിരുവിനെ ഓർക്കുകയാണ് മേഘ്ന.
“ചിരു, ഞാൻ ഒരുപാട് ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വിവരിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനെല്ലാം അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.
ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ, വേദനിച്ച്, ഒരായിരം തവണ ഞാൻ മരിക്കുന്നു.
പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം എന്റെ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.
നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ?. നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് . നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ഈ അത്ഭുതത്തിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്.
നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കൈകളിലേന്താൻ, നിന്റെ പുഞ്ചിരി കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന നിന്റെ ചിരി കേൾക്കാൻ കാത്തിരിക്കാൻ വയ്യ. ഞാൻ നിനക്കായി കാത്തിരിക്കും. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കണം. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു-” മേഘ്ന കുറിക്കുന്നു
Content highlights : Meghna raj Emotional note about chiranjeevi sarja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..