താനൊരു സൂപ്പര്‍ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിയ്ക്കുന്ന വ്യക്തിയാണ് ബി​ഗ് ബോസ് താരം മീര മിഥുൻ. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. പിന്നീട് നടി തൃഷ കൃഷ്ണൻ തന്നെ അനുകരിക്കുകയാണെന്ന് പറഞ്ഞും രം​ഗത്തെത്തി. ഇപ്പോൾ തൃഷയ്ക്കെതിരേ മറ്റൊരു ആരോപണമാണ് മീര ഉന്നയിക്കുന്നത്. തൃഷ തന്റെ സിനിമകൾ തട്ടിയെടുക്കുകയാണെന്നാണ് മീര പറയുന്നത്.

കോളിവുഡ് മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാന്‍ ശ്രമിയ്ക്കുകയാണ് തൃഷ. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ നിന്ന് എന്നെ പുറത്താക്കാന്‍ കാരണം തൃഷയാണ്.എല്ലാത്തിനും തെളിവായി താന്‍ ഒരു വീഡിയോ പുറത്തുവിടുമെന്നും മീര പറയുന്നു.

'മിസ് ചെന്നൈ ആയ, 5.5 അടി നീളമുള്ള പെണ്‍കുട്ടി സഹതാര വേഷത്തിലൂടെ നായികയായി മാറി. അവളാണ് തൃഷ കൃഷ്ണ. പിന്നീട് എന്നെ പോലൊരു മികച്ച മോഡല്‍ രംഗത്ത് എത്തിയപ്പോള്‍ തൃഷ സുരക്ഷിതയല്ലാതെയായി. കോളിവുഡ് മാഫിയയുമായി കൂട്ടുപിടിച്ച് എന്നൈ അറിന്താൽ എന്ന ചിത്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. ഏഴ് വര്‍ഷത്തിന് ശേഷവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്. പേട്ട എന്ന ചിത്രത്തില്‍ ഞാൻ പുറത്ത് പോകാൻ കാരണം തൃഷയാണ്. ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വീഡിയോ ഞാന്‍ പുറത്തുവിടും'- എന്ന് മീര കുറിച്ചു.

എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ തൃഷയുടെ സുഹൃത്തിന്റെ കഥാപാത്രത്തെ താൻ അവതരിപ്പിച്ചിരുന്നു. തൃഷയ്ക്കും അജിത്തിനുമൊപ്പം ചില രംഗങ്ങള്‍ ചിത്രീകരിച്ചതാണ്. പക്ഷെ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ അഭിനയിച്ച രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. പേട്ടയില്‍ തൃഷ ചെയ്ത കഥാപാത്രത്തിന് വേണ്ടി തന്നെ ഓഡിഷന്‍ ചെയ്തിരുന്നു. അതിൽ നിന്നും തന്നെ പുറത്താക്കിയെന്നും ഇവർ പറയുന്നു.

ജെല്ലക്കെട്ടിനെതിരേ തൃഷ രം​ഗത്ത് വന്നതിനെയും മീര വിമർശിക്കുന്നു. തൃഷ സിനിമയിൽ അതിജീവിച്ചത് ഉയർന്ന ജാതിയിൽപ്പെട്ട ആളായത് കൊണ്ടാണെന്നും അവരുടെ കഴിവ് കൊണ്ടല്ലെന്നും മീര ആരോപിച്ചു.

 

മീരയുടെ ട്വീറ്റിന് താഴെ വിമർശനങ്ങളും പരിഹാസവുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. കുറച്ച് കഴിഞ്ഞാൽ ജയിംസ് കാമറൂണിന്റെ ടെറ്റാനികിൽ നിന്ന് കേറ്റ് വിൻസ്ലറ്റ് തന്നെ പുറത്താക്കിയെന്ന് മീര പറയുമെന്നും ചിലർ കുറിച്ചു.

Content Highlights: Meera Mitun says she will release video proof exposing Trisha Krishnan accuses snatching movies