ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര ജാസ്മിന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ താരം പക്ഷേ വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നു. ഇപ്പോഴിതാ ഇനി സിനിമയിൽ സജീവമാകാനാണ് തന്റെ തീരുമാനമെന്ന് തുറന്ന് പറയുകയാണ് മീര. യുഎഇയുടെ ​ഗോൾഡൻ വിസ സ്വീകരിച്ച ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തിരിച്ചു വരാനൊരുങ്ങുന്ന താരം സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.  

"എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നത് അനു​ഗ്രഹമായി കാണുന്നു. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. 

അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ."മീര പറഞ്ഞു.

2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ മീര അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

content highlights : Meera Jasmine about Sathyan Anthikkad Jayaram new movie