ബാലതാരം മീനാക്ഷിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിന് പൂട്ട് വീണു. മീനാക്ഷിയുടെ മോശമായ ചിത്രങ്ങളും അശ്ലീല കമന്റുകള്‍ നിറഞ്ഞ 'മീനാക്ഷി മീനു ഒ പി' എന്ന പേജാണ്, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെത്തുടര്‍ന്നും മാസ് റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്നും പിന്‍വലിച്ചത്. വാര്‍ത്ത വന്നതോടെ ഫെയ്‌സ്ബുക്കിന്റെ ദക്ഷിണേന്ത്യന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തി മീനാക്ഷിയുടെ അച്ഛന്‍ അനൂപുമായി സംസാരിച്ചതിനു ശേഷമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൂന്ന് മാസം മുന്‍പ് സൈബര്‍ സെല്ലില്‍ അടക്കം പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് അനൂപ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്ത് വികലമാക്കിയ ചിത്രങ്ങളായിരുന്നു പേജില്‍. മാത്രമല്ല, അറയ്ക്കുന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ കൊടുത്തിരുന്നു. പേജ് പൂട്ടിക്കണമെന്ന് അനൂപ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിരുന്നില്ല. മീനാക്ഷിക്ക് മാത്രമല്ല, ബേബി അനിഘ, ബേബി എസ്തര്‍, ബേബി നയന്‍താര തുടങ്ങി ഒട്ടുമിക്ക ബാലതാരങ്ങളുടെയും പേരുകളില്‍ ഇത്തരം വ്യാജ പേജുകള്‍ നിലവിലുണ്ട്.

Content Highlights : meenakshi child actress fake facebook page closed meenakshi facebook cyber attack