ലൈംഗിക പീഡനം നേരിട്ടവരുടെ മീടൂ ക്യാമ്പയിന്‍ ലോകം മുഴുവന്‍ വലിയ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. ഹോളിവുഡ് സിനിമയില്‍ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിസ്റ്റിനെതിരേ നടിമാര്‍ രംഗത്ത് വന്നതിന് പിന്നാലെ വലിയ ചര്‍ച്ചയായി മാറിയ മീടൂ ക്യാമ്പയിന്‍ ബോളിവുഡിലും വാര്‍ത്തയായി. രാധിക ആപ്‌തെ, ടിസ്‌കാ ചോപ്ര എന്നിവര്‍ സിനിമാരംഗത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന  ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ പതിനെട്ടാമത്തെ വയസ്സില്‍ തനിക്ക് സഹതാരത്തില്‍ നിന്ന്‌ ദുരനുഭവമുണ്ടായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. 
അമേരിക്കയില്‍ വച്ച് ഒരു സംഗീത ആല്‍ബം ചിത്രീകരിക്കുന്നതിനിടെ തന്നെ ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് തുറന്ന് പറയുകയാണ് സണ്ണി.

ആദ്യമായി ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. അയാളുടെ പേര് ഞാനിവിടെ പറയുന്നില്ല. കാരണം അവരുമായി നിയമയുദ്ധത്തില്‍ ഏര്‍പ്പെടാനൊന്നും എനിക്ക് വയ്യ.പതിനെട്ട് വയസ്സുമാത്രമേ എനിക്ക് അന്ന് പ്രായമുണ്ടായിരുന്നുള്ളൂ. കൂട്ടത്തിലുണ്ടായിരുന്ന  ഒരു റാപ്പ് ഗായകന്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു, മോശമായി പെരുമാറി. പക്ഷേ ഭയപ്പെട്ട് മിണ്ടാതിരിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. അയാളെ മാറ്റിയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഞാനായിരുന്നു ആല്‍ബത്തിലെ കേന്ദ്ര കഥാപാത്രം.

അപരിചിതരുമായി ഇടപഴകേണ്ടി വരുമ്പോള്‍ നാം എല്ലാവരും ഒരു മുന്‍കരുതലെടുക്കും. ഒരാള്‍ നമ്മളോട് മോശമായി പെരുമാറിയാല്‍ മിണ്ടാതിരിക്കരുത്. പ്രതികരിക്കണം- സണ്ണി പറഞ്ഞു.

തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന  കരണ്‍ജീത്ത് കൗര്‍; ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെസ് സീരീസില്‍ ഈ സംഭവവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സണ്ണി കൂട്ടിച്ചേര്‍ത്തു.