മീ ടൂ വെളിപ്പെടുത്തലുകള്‍ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് തൊഴിലിടങ്ങളില്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം മുംതാസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തമിഴ് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും മീ ടൂ കാമ്പയിനിനെക്കുറിച്ചും തുറന്നു പറഞ്ഞത്.

സംവിധായകര്‍ അടക്കമുള്ളവര്‍ നിരവധി തവണ തന്നെ ലൈംഗികതാത്പര്യങ്ങളോടെ സമീപിച്ചിട്ടുണ്ടെന്ന് മുംതാസ് പറയുന്നു. ഇതിന്റെ പേരില്‍ ഒരു സംവിധായകനെ ചെരുപ്പ് കൊണ്ട് അടിച്ചിട്ടുണ്ടെന്നും വിഷയം നടികര്‍ സംഘത്തിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയെന്നും മുംതാസ് പറയുന്നു. എന്നാല്‍ ആ സംവിധായകന്‍ ആരാണെന്ന് അവര്‍ വ്യക്തമാക്കിയില്ല.

'മറ്റൊരു വ്യക്തിയും എന്നെ മോശമായ രീതിയില്‍ സമീപിച്ചിരുന്നു. ഞാന്‍ അയാളെ അതേ സ്ഥലത്ത് വച്ച് തന്നെ ചീത്ത വിളിച്ചു. അതിനുശേഷം എന്നെ എവിടെവച്ച് കണ്ടാലും മാഡം എന്നോ അമ്മയെന്നോ അല്ലാതെ അയാള്‍ വിളിച്ചിട്ടില്ല.

ഞാന്‍ ഇതുവരെ ഒരു ഇര ആയിട്ടില്ല. അതിനുള്ള അവസരം ആര്‍ക്കും കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് ആരുടെയും പേര് വെളിപ്പെടുത്താത്തത്. പറയാത്തത്. സംവിധായകനോ നിര്‍മാതാവോ നടന്മാരോ എന്തിന് ഒരു അഭിനേത്രിയെ തനിച്ചു കാണണം, മുറിയിലേക്ക് വരൂ എന്ന് വിളിച്ചാല്‍ പോകാതിരിക്കുകയാണ് വേണ്ടത്. സ്വയം പോയി ചതിക്കുഴിയിൽ വീഴരുത്. നിങ്ങളെ ഒറ്റയ്ക്ക് കാണണം എന്ന് പറയുമ്പോള്‍ തന്നെ അപകടം തിരിച്ചറിയണം. ഇരകളാകാന്‍ സ്വയം തയ്യാറെടുക്കരുത്.

ഞാന്‍ ഒഡീഷന് പോകുന്ന സമയത്ത് അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാന്‍ കഴിയാത്ത സമയങ്ങളില്‍ എന്റെ കൈയില്‍ മുളക്പൊടി പൊതിഞ്ഞു തരും. നിന്നെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഇത് ഉപയോഗിക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വമാണ് മുളക് പൊടി അമ്മ പൊതിഞ്ഞു തന്നുവിട്ടിരുന്നത്.

നമുക്ക് നമ്മുടെ ലക്ഷ്യം നേടണമെന്നതാണ് ആഗ്രഹമെങ്കിലും അതിന് വിലയായി എന്തെങ്കിലും കൊടുക്കാന്‍ അവശ്യപ്പെട്ടാല്‍ തയ്യാറാകരുത്. ആളുകള്‍ പലതും ചോദിച്ചെന്നിരിക്കും. അതിന് എന്ത് മറുപടി പറയണമെന്നത് നമ്മുടെ തീരുമാനമാണ്. നമ്മുടെ ശരീരം നമ്മുടേതാണ്. നടന്മാരും സംവിധായകരും മാനേജര്‍മാരും ഒരു വിഭാഗം പ്രേക്ഷകരുമെല്ലാം നടിമാരെ പ്രൊഫഷണല്‍ പ്രേസ്റ്റിറ്റ്യൂട്ട് എന്ന നിലയിലാണ് നോക്കിക്കാണുന്നത്. 

ബിഗ് ബോസിലെ ഒരു വീഡിയോയ്ക്ക് താഴെ ദുഷിച്ച മനസുള്ള ഒരാള്‍ കമന്റ് ചെയ്തത്, ബിഗ് ബോസ് വീട്ടില്‍ നിങ്ങള്‍ കോണ്ടം വിതരണം ചെയ്യുന്നുണ്ടോ എന്നാണ്. ഇതാണ് ആളുകളുടെ മനോനില. നിങ്ങളുടെ വീട്ടില്‍ നിന്നും ഒരു സ്ത്രീ ജോലിക്കു പോകുമ്പോള്‍ നിങ്ങള്‍ കരുതുന്നത് അവള്‍ ആരുടെയോ ഒപ്പം കിടക്കാന്‍ പോവുകയാണ് എന്നാണോ? പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ച് നമ്മള്‍ എല്ലാവരും പറയും. വിദ്യാഭ്യാസം നേടിയിട്ടും അവര്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടണം എന്നാണോ?

സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി തങ്ങള്‍ നേടിയ വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ ഉപയോഗിക്കണം. അവര്‍ പുറത്തു പോയി ജോലി ചെയ്യട്ടെ. അതിനെ മറ്റൊരു കണ്ണുകൊണ്ടാണ് കാണുന്നതെങ്കില്‍ അതൊട്ടും ശരിയായ രീതിയിലല്ല . മുംതാസ് പറയുന്നു

Content Highlights: me too tamil cinema mumtaz mumtaj actress me too kollywood big boss tamil