മീ ടു വെളിപ്പെടുത്തല്‍ സ്ത്രീകളില്‍ മാത്രം ഒതുങ്ങുമെന്ന് കരുതിയെങ്കില്‍ തെറ്റി. ലൈംഗിക പീഡനത്തിന്റെ ആരോപണവുമായി നടന്മാരും രംഗത്ത്. ടെലിവിഷന്‍ താരം രാഹുല്‍ രാജ് സിങ്ങാണ് ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തുവന്നത്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ കാമുകനായിരുന്നു രാഹുല്‍. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

നിര്‍മാതാവും തിരക്കഥാകൃത്തുമായ മുഷ്താഖ് ഷെയ്ഖിനെതിരേയാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്. വഴങ്ങിക്കൊടുക്കാത്തതിനാല്‍ ഷെയ്ഖ് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. മീ ടു വെളിപ്പെടുത്തല്‍ നടത്തുന്ന ആദ്യ ടിവി താരമാണെണ് രാഹുല്‍ രാജ് സിങ്.

2006ലാണ് ആരോപണത്തിന് അടിസ്ഥാനമായ കാര്യം നടന്നതെന്ന് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറയുന്നു. അന്നെനിക്ക് പത്തൊന്‍പത് വയസ്സായിരുന്നു പ്രായം. 2004ലെ ഗ്രാസിം മിസ്റ്റര്‍ ഇന്ത്യ മോഡലായിരുന്നു ഞാന്‍. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ മുഷ്താഖിനെ പരിചയപ്പെടുന്നത്. അന്ന് അയാള്‍ ബോളിവുഡില്‍ ശക്തമായ സാന്നിധ്യമുള്ള ആളായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഞാന്‍, ഫറ ഖാന്‍, ഏക്ത കപൂര്‍ എന്നിവരുടെ അടുപ്പക്കാരന്‍. എന്നെ അയാള്‍ക്ക് നന്നേ പിടിച്ചിരുന്നു. സിനിമയില്‍ അവസരം കിട്ടും എന്നതിനാല്‍ വലിയ സന്തോഷമായിരുന്നു എനിക്ക്. എന്നാല്‍, അവസരം നല്‍കിയതു മുതല്‍ അയാള്‍ ഫോണ്‍വിളി തുടങ്ങി.

ഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് അയാള്‍ എന്നെ അയാളുടെ വീട്ടിലേയ്ക്ക് വിളിച്ചു. അവിടെ ആകെ ഒരു മുറിയും ഒരു കിടക്കയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ കുറേ സിനിമാ പോസ്റ്ററുകളും. ഞാന്‍ ആസ്വദിക്കാന്‍ പോകുന്ന ഒരു കാര്യം ചെയ്യാന്‍ പോവുകയാണെന്നാണ് അയാള്‍ പറഞ്ഞത്. ഇത് വ്യത്യസ്തമാണ്. നിനക്ക് ഇഷ്ടപ്പെടും-അയാള്‍ പറഞ്ഞു. ഞാന്‍ ഭയന്ന് പിന്‍വാങ്ങി. 

അയാളുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ ഏറെ വൈകാതെ ഒരു സിനിമ എനിക്ക് നഷ്ടമായി. വൈകാതെ കുറേ ടിവി ഷോകളും എനിക്ക് നഷ്ടമായി. പിന്നീട് എനിക്ക് അംബര്‍ധാര എന്ന സീരിയലില്‍ മികച്ചൊരു വേഷം ലഭിച്ചു. എന്നാല്‍, ഒരു ദിവസം മുഷ്താഖ് വിളിച്ചു പറഞ്ഞു, ആ റോള്‍ എനിക്ക് ലഭിച്ചത് അയാള്‍ കാരണമാണെന്ന്. ഇതോടെ എന്റെ ആത്മവിശ്വാസം നശിച്ചു. പിന്നീട് മാതാ കി ചൗകിയില്‍ അവസരം ലഭിച്ചു. അപ്പോള്‍ അയാള്‍ വീണ്ടും ഓഫറുമായി വന്നു. എന്നാല്‍, ഞാന്‍ അത് നിരസിച്ചു.

പ്രതിമാസം മൂന്ന്, നാല് ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നെങ്കിലും പത്ത് വര്‍ഷം മുന്‍പ് ഞാന്‍ ടിവിയോട് വിട പറഞ്ഞു. അതിന്റെ കാരണം എന്താണെന്ന് എന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അറിയാം. മുഷ്താഖ് ഷെയ്ഖാണ് അതിന്റെ കാരണക്കാരന്‍. പത്ത് വര്‍ഷം മുന്‍പ് ഞാന്‍ ഇത് എന്റെ വീട്ടുകാരോടും പറഞ്ഞിരുന്നു. എനിക്ക് ഇനിയത് ചെയ്യാനാവില്ല. ഇല്ലെങ്കില്‍ ഞാന്‍ ആരുടെയെങ്കിലും കൂടെ കിടക്കേണ്ടിവരും-രാഹുല്‍ പറഞ്ഞു.

എന്നാല്‍, മുഷ്താഖ് ഷെയ്ഖ് ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

നാനാ പടേക്കര്‍, കൈലാഷ് ഖേര്‍, അനു മാലിക്, സുഭാഷ് ഗായ് തുടങ്ങിയവര്‍ക്കെതിരെ ഗുരുതരമായ മീ ടു വെളിപ്പെടുത്തല്‍ വന്നതിന് തൊട്ടുപിറകെയാണ് സിനിമാലോകത്ത് ആണുങ്ങള്‍ക്കും രക്ഷയില്ലെന്ന വാസ്തവം വിളിച്ചുപറഞ്ഞിരിക്കുന്നത്.

Content Highlights: Me Too Rahul Raj Singh Bollywood Mushtaq Shiekh Sexual Harassment TV actress Pratyusha Banerjee