ന്യൂയോര്‍ക്ക്: മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡ് സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെനിനെ 23 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. ലൈംഗിക പീഡന കേസിലാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി മുഴങ്ങിക്കേള്‍ക്കുന്ന മീ ടൂ ആരോപണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായ പേരായിരുന്നു 67കാരനായ വെയ്ന്‍സ്റ്റെയ്‌ന്റേത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12-ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് രംഗത്ത് വന്നത്.

എന്നാല്‍, ഉഭയകക്ഷി സമ്മതമില്ലാതെ താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് വെയ്ന്‍സ്റ്റെന്‍ വെളിപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ജെയിംസ് എ ബര്‍കിന്റെ നേതൃത്വത്തിലാണ് മാന്‍ഹാട്ടന്‍ സുപ്രീംകോടതിയില്‍ വിധി പ്രഖ്യാപനം നടന്നത്.

മീ ടൂ മൂവ്മെന്റിനെ തുടര്‍ന്നാണ് വെയ്ന്‍സ്റ്റെനിനെതിരായ ആരോപണം ഉടലെടുത്തത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്താനുള്ള ക്യാംപയിനാണ് മീ ടൂ മൂവ്മെന്റ്. മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെയ്ന്‍സ്റ്റെന് തടവുശിക്ഷ ലഭിച്ചതിനെ വിവിധ വനിതാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു.

Content Highlights : me too case harvey weinstein sentenced to 23 years imprisonment