ബെംഗളൂരു : മീ ടൂ ആരോപണക്കേസിൽ തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് പോലീസ് ക്ലീൻചിറ്റ് നൽകി. തെന്നിന്ത്യൻ സിനിമകളിൽ സജീവമായ ഒരു മലയാളി നടിയാണ് അർജുൻ സർജയ്ക്കെതിരേ മീ ടൂ ആരോപണം ഉന്നയിച്ചത്.

ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് (എ.സി.എം.എം.) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പോലീസ് അറിയിച്ചു. 2018 ഒക്ടോബറിലാണ് നടി സാമൂഹിക മാധ്യമത്തിലൂടെ അർജുൻ സർജയ്ക്കെതിരേ മീ ടൂ ആരോപണമുന്നയിച്ചത്. ‘വിസ്മയ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്‌സൽ സമയത്ത് അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.

സിനിമയിൽ അർജുന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു അവർ അഭിനയിച്ചത്. കബൺപാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തെളിവുകളുടെ അഭാവത്തിൽ അർജുൻ സർജയെ കുറ്റവിമുക്തനാക്കുകയാണെന്ന് പോലീസ് അറിയിച്ചു. അർജുനെതിരേ ആരോപണമുയർന്നതിനു പിന്നാലെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെ.എഫ്.സി.സി.) ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയിരുന്നു.

Content Highlights: Me too  Arjun Sarja given clean chit, no proof against actor