ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരേ കൂടുതല്‍ പേര്‍ ലൈംഗിക പീഡന ആരോപണവുമായി രംഗത്ത്. സോന മൊഹാപാത്ര, ശ്വേത പണ്ഡിറ്റ് എന്നീ രണ്ട് ഗായികമാര്‍ക്ക് പുറമെ പേരു വെളിപ്പെടുത്താത്ത രണ്ട് ഗായികമാര്‍ കൂടി മീ ടു വെളിപ്പെടുത്തല്‍ നടത്തി.

ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞെങ്കിലും മാലിക്കിനു മേല്‍ കുരുക്ക് മുറുകുകയാണ്. ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡല്‍ 10ന്റെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് സോണി ടിവി മാലിക്കിനെ നീക്കിയതായി റിപ്പോര്‍ട്ടുണ്ട്. വൈകാതെ തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. ഷോയുടെ തുടക്കം മുതലുള്ള വിധികര്‍ത്താവാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അനു മാലിക്.

വളര്‍ന്നുവരുന്ന രണ്ട് ഗായികമാരാണ് തൊണ്ണൂറുകളില്‍ സിനിമയില്‍ പാടാന്‍ അവസരം തേടിയെത്തിയ തങ്ങളെ അനു മാലിക് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചത്. ഒരിക്കല്‍ മെഹബൂബ സ്റ്റുഡിയോയില്‍ വച്ചും പിന്നീട് ഒരു ഗാനമേളയുടെ ഒരുക്കത്തിനിടെ മാലിക്കിന്റെ വീട്ടില്‍ വച്ചുമാണ് പീഡനശ്രമം ഉണ്ടായതെന്നാണ് ഒരു ഗായികയുടെ പരാതി. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് മാലിക് തന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും സ്വയം വിവസ്ത്രനാവുകയും ചെയ്തതായി അവര്‍ ആരോപിച്ചു. സന്ദര്‍ശകര്‍ കോളിങ് ബെല്‍ അടിച്ചതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി. പിന്നീട് വീട്ടില്‍ കൊണ്ടുവിടുമ്പോള്‍ രാത്രി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി തന്നെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചുവെന്നും ഒരു സുരക്ഷാ ജീവനക്കാരന്‍ വന്നപ്പോള്‍ താന്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

റെക്കോഡിങ്ങിന് ഷിഫോണ്‍ സാരി ധരിച്ചുവരാന്‍ പറഞ്ഞ തന്നെ അനു മാലിക് സ്റ്റുഡിയോയില്‍ വച്ച് കെട്ടിപ്പിടിച്ചുവെന്നാണ് മറ്റൊരു ഗായിക പേരു വെളിപ്പെടുത്താതെ കുറിച്ചത്. സ്റ്റുഡിയോ സൗണ്ട് പ്രൂഫാണെന്ന് തിരിച്ചറിഞ്ഞ താന്‍ ഭയപ്പെട്ട് മാലിക്കിനെ തള്ളിമാറ്റുകയാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.

തന്റെ ചെറുപ്പകാലത്ത് അനു മാലിക്ക് തന്നെ ചുംബിക്കാന്‍ ശ്രമിച്ചതായും ചെറിയ പെണ്‍കുട്ടികള്‍ ഇയാളെ കരുതിയിരിക്കണമെന്നും ശ്വേത പണ്ഡിറ്റ് ട്വിറ്ററില്‍ കുറിച്ചു.

അനു മാലിക് തന്നെ മോശപ്പെട്ട വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നുവെന്നും ഫോണിലേയ്ക്ക് നിരന്തരം മിസ്ഡ് കോളുകള്‍ അടിക്കുകയും ചെയ്തിരുന്നുവെന്നാണ് സോന മൊഹാപാത്ര ആരോപിച്ചത്. ഗായകന്‍ സോന മൊഹാപാത്രയ്‌ക്കെതിരേയും സോന ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍, ഈ ആരോപണങ്ങളെല്ലാം തന്റെ അഭിഭാഷകനിലൂടെ അനു മാലിക് തള്ളിക്കളഞ്ഞിരുന്നു. ഇതിനുശേഷമാണ് സോണി നടപടിയെടുത്തത്.

Content Highlights: Me too Anu Malik  Sona Mohapatra Shweta Pandit Bollywood Singer sexual harassment