ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന 'മീ ടൂ' കാമ്പയിൻ ചൂടുപിടിക്കുന്നതിനിടെ സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരേ ആരോപണവുമായി നടി പൂജ മിശ്ര. സല്‍മാന്‍ ഖാനും രണ്ട് സഹോദരന്മാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന തന്നെ പീഡിപ്പിച്ചുവെന്നാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ പൂജ ആരോപിക്കുന്നത്. സൽമാൻ നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു. ബിഗ് ബോസിന്റെ അവതാരകൻ കൂടിയാണ് സൽമാൻ. 

നടനും ലോക്​സഭാംഗവുമായ ശത്രുഘ്നന്‍ സിന്‍ഹയും ഭാര്യയും തന്നെ ബ്ലാക്ക് മെയിൽ ചെയ്യാന്‍ ശ്രമിച്ചുവെന്നും ദുര്‍മന്ത്രവാദം നടത്തി  തന്റെ വീട്ടില്‍ പ്രേതങ്ങളെ തുറന്നുവിട്ടെന്നും പൂജ ആരോപിക്കുന്നു. തന്റെ മകള്‍ സൊനാക്ഷിയെ ബോളിവുഡിലെത്തിക്കാനാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഇതെല്ലം ചെയ്തതെന്നും സല്‍മാനും സഹോദരങ്ങളായ സൊഹൈല്‍ ഖാന്‍, അര്‍ബാസ് ഖാന്‍ എന്നിവര്‍ക്ക് കാഴ്ചവച്ചുവെന്നും അവര്‍ പല അവസരങ്ങളിലായി തന്നെ പീഡിപ്പിച്ചുവെന്നും പൂജ മിശ്ര കുറ്റപ്പെടുത്തി.
 
സല്‍മാന്റെ സഹോദരന്‍ അര്‍ബാസിന്റെ മുന്‍ ഭാര്യയും നടിയുമായ മലൈക അറോറ അസൂയ പൂണ്ട് തന്റെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നും ഇവര്‍ പറയുന്നുണ്ട്. ഇത് കൂടാതെ ബോളിവുഡിലെ പല പ്രമുഖരും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും തന്റെ ജീവിതവും കരിയറും നശിപ്പിച്ചെന്നും ആത്മഹത്യയുടെ വക്കിലേക്ക് തന്നെ തള്ളിവിട്ടെന്നും പൂജ പറയുന്നു. 

Content Highlights: me too against salman khan Pooja Misrra Accuses Salman Khan and His Brothers Of Rape