ഷിക് അബു സംവിധാനം ചെയ്ത മായാനദി മികച്ച പ്രതികരണവുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍  ചിത്രം കാണില്ലെന്ന നിലപാട് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി പ്രഖ്യാപിക്കുകയാണ് ഒരു കൂട്ടം പ്രേക്ഷകർ.  മായാനദിയില്‍ നായകനായെത്തിയ ടൊവിനോ തോമസിന്റെയും ആഷിക് അബുവിന്റെയും ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന കമന്റുകളില്‍ പലതിലും സിനിമ ബഹിഷ്‌കരിക്കുമെന്ന ആഹ്വാനവുമുണ്ട്.  അതിനു കാരണമായി മൂന്ന് 'പ്രതി'കളെയാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. ആഷിക് അബു, റിമ കല്ലിങ്കല്‍, പാര്‍വതി എന്നിവർ. ആഷിക് അബുവും റിമയും തുടക്കം മുതൽ തന്നെ  കൈക്കൊള്ളുന്ന നിലപാടുകളാണ് പലരെയും ചൊടിപ്പിക്കുന്നതെങ്കില്‍ പാര്‍വതി ഈ കൂട്ടത്തില്‍പെട്ടത് ഈയടുത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധമായ ഒരു രംഗത്തെ വിമര്‍ശിച്ചതു വഴിയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മലയാള സിനിമയില്‍ കോളിളക്കമുണ്ടാക്കിയ ചില സംഭവവികാസങ്ങളാണ് മായാനദിയോടുള്ള ഒരു കൂട്ടരുടെ വിരോധത്തിന് പിന്നില്‍. മലയാള സിനിമയിലെ ഒരു നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട മനുഷ്യ മന: സാക്ഷിയെ ഞെട്ടിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ പണ്ട് സൂപ്പര്‍ ഹിറ്റുകളായ സിനിമകളില്‍ പലതും കീറിമുറിക്കപ്പെട്ടു. സ്ത്രീവിരുദ്ധത തന്നെയായിരുന്നു പ്രധാന പ്രശ്‌നം. സാമൂഹിക മാധ്യമങ്ങളില്‍ രണ്ടു ചേരികളായി തിരിഞ്ഞ് വാഗ്വാദങ്ങളും പൊടിപ്പൊടിച്ചു. 

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപവത്കരിക്കപ്പെട്ടു. താരസംഘടനയായ അമ്മ ഉള്ളപ്പോള്‍ ഇത്തരത്തില്‍ വനിതകള്‍ക്ക് മാത്രം ഒരു സംഘടന വേണമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നു. സംഘടനയെ സ്വാഗതം ചെയ്ത് ഒരുകൂട്ടം രംഗത്ത് വന്നപ്പോള്‍ വിമർശവും പരിഹാസവുമായി മറുവിഭാഗവും സജീവമായി.

സംഘടനയിലെ അംഗങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പുരുഷ സിനിമാ പ്രവര്‍ത്തകര്‍ക്കും ശക്തമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വരുന്നത്. പരിഹാസരൂപേണ 'ഫെമിനിച്ചികള്‍' എന്നാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളെ പലരും അഭിസംബോധന ചെയ്തുവരുന്നത്. പാര്‍വതി, റിമ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവര്‍ സംഘടനയിലെ അംഗങ്ങളായതുകൊണ്ടും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നവരായതുകൊണ്ടും ഇവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് നടക്കുന്നത്. കസബ പരാമര്‍ശം വിവാദമായപ്പോള്‍ ഡബ്ല്യൂ.സി.സി പാര്‍വതിയെ പിന്തുണച്ച് പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഡബ്ല്യൂ.സി.സിയെ തുടക്കം മുതല്‍ പിന്തുണച്ച ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ്  ആഷിക് അബുവിനോടുള്ള വിരോധം ശക്തമായത്. ഇതാണ് ഇപ്പോൾ മായാനദിക്കെതിരെയുള്ള നീക്കത്തിൽ പ്രകടമാകുന്നത്.

mayaanadhi

mayaanadhi

ടൊവിനോയെ ഇഷ്ടമായതിനാല്‍ സിനിമ കാണാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ 'ഫെമിനിച്ചികളെ' ഓര്‍ക്കുമ്പോള്‍ വേണ്ടെന്നുവയ്ക്കുകയാണെന്നും ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചപ്പോള്‍ ടൊവിനോ അതിന് കൃത്യമായ മറുപടിയുമായി വന്നിരുന്നു. 

'എന്നിട്ട്? ആരെയാണ് നിങ്ങള്‍ തോല്‍പിക്കാന്‍ നോക്കുന്നത്? എന്നെയോ? ഈ സിനിമയെയോ? മലയാള സിനിമയെയോ? ഇതില്‍ ജോലി ചെയ്ത നിങ്ങള്‍ ഈ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ്കണക്കിന് ആളുകളെയോ?- എന്നാണ് ടൊവിനോ ചോദിച്ചത്'. 

സിനിമ കാണുന്നതും കാണാതിരിക്കുന്നതും തികച്ചും വ്യക്തിപരമാണ്, പക്ഷേ അതിനു നിരത്തുന്ന ന്യായീകരണങ്ങളാണ് കൗതുകമുണര്‍ത്തുന്നത്. 

Content Highlights: aashiq abu  Mayaanadhi, Women in Cinema Collective, WCC, boycott of Mayaanadhi