തിയ്യറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ക്ക് മറുപടിയുമായി നടി മായ എസ്. കൃഷ്ണന്‍. അനന്യ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത് തനിക്കും കുടുംബത്തിനും കടുത്ത ആഘാതമാണ് സൃഷ്ടിച്ചതെന്നും മായ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മഗളിര്‍ മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മായ. ശങ്കര്‍ ഒരുക്കുന്ന രജനികാന്ത് ചിത്രം 2.0 വിലും മായ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മീ ടൂ ക്യാമ്പയിന്റെ ഭാഗമായി വളരെ ഗുരുതരമായ ആരോപണങ്ങളാണ് അനന്യ മായക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അനന്യയുടെ വെളിപ്പെടുത്തല്‍. മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്റെ ആഘാതത്തില്‍നിന്ന് താന്‍ ഇതുവരെ കരകയറിയിട്ടില്ലെന്നും അനന്യ പറയുന്നു.
ഒരു പുരുഷനായിരുന്നു തന്നെ പീഡിപ്പിച്ചതെങ്കില്‍ അത് തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. എന്നാല്‍ പീഡിപ്പിച്ചത് ഒരു സ്ത്രീയായതുകൊണ്ടാണ് ഞാന്‍ വിഷമിച്ചത്. ചികിത്സയ്ക്കുശേഷമാണ് താന്‍ അനുഭവിച്ച ദുരിതത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നത്- അനന്യ പറഞ്ഞു. അനന്യയുടെ കുറിപ്പ് വായിക്കാം
മായയുടെ വിശദീകരണ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍
അനന്യ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഞാന്‍ നിഷേധിക്കുന്നു. ഞാന്‍ അവരെ ലൈംഗികമായി പീഡിപ്പിട്ടച്ചിട്ടില്ല. പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമാണ് ഞാന്‍ അന്ന് ചെയ്തത്. അല്ലാതെ ഉപദ്രവിച്ചിട്ടില്ല. ഇനി ഒരിക്കലും ഞാന്‍ അതിന് മുതിരുകയുമില്ല.
എന്റെ പ്രതിഛായ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അനന്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പറയുന്നതെല്ലാം അസത്യമാണ്. അനന്യയുടെ ഈ നീക്കം എനിക്കും കുടുംബത്തിനും കടുത്ത മാനസികാഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതിനെ ഞാന്‍ നിയമപരമായി നേരിടും- മായ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..