എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന കപ്പ ഒറിജിനൽസ് ലോഞ്ച് ലൈവ്ഷോയിൽ പങ്കെടുക്കാനെത്തിയ സംഗീതപ്രേമികൾ
കൊച്ചി: “ഹായ് കൊച്ചിൻ, എത്ര കാലമായി നമ്മൾ ഇങ്ങനെ കൂടിയിട്ട്. രണ്ടു വർഷത്തിലേറെ കൊറോണ കൊണ്ടുപോയി. ഇനിയെന്താകും ഭാവി എന്നോർത്ത് തകർന്നടിഞ്ഞിരിക്കുന്ന സമയത്ത് ഞാൻ വിഷാദത്തിനുവരെ അടിമപ്പെട്ടിരുന്നു. ആ നേരത്ത് ദൈവത്തിന്റെ കൈ പോലെ വന്നതാണ് കപ്പ ടി.വി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളാണ് ഈ സംഗീതലോകം എനിക്കു തന്നത്...” കപ്പ ഒറിജിനൽസിൽ ‘ആരേ ജിയാരേ’ എന്ന പാട്ട് അവതരിപ്പിച്ച് സംസാരിക്കുമ്പോൾ വികാരാധീനയായിരുന്നു സയനോര.
സംഗീതത്തിന്റെ വിസ്മയലോകവുമായി സയനോര കടന്നുവരുമ്പോൾ ആവേശത്തിന്റെ അലകളാകാൻ കാത്തുനിൽക്കുകയായിരുന്നു സംഗീതപ്രേമികൾ. ദർബാർഹാൾ മൈതാനത്ത് താളംപിടിച്ചിരുന്ന സംഗീതാസ്വാദകരുടെ മുന്നിലേക്ക് ‘ആരേ ജിയാരേ’യുടെ അണിയറക്കാരെയെല്ലാം സയനോര പരിചയപ്പെടുത്തി. സംവിധാനം നിർവഹിച്ച മനു ഹസനും ഛായാഗ്രാഹകൻ ഭരത് സാഗറിനും പിന്നണി സംഗീതജ്ഞരായ വർക്കിക്കും റാപ്പ് കിഡിനും ആദിത്യക്കും സുജിതിനുമൊക്കെ നിറഞ്ഞ കൈയടികളോടെയാണ് ആസ്വാദകർ വരവേൽപ്പ് നൽകിയത്.
ഒരുപാടുപേരുടെ സ്വപ്നമാണ് ഈ രാവിൽ പൂവണിയുന്നതെന്ന വാക്കുകളോടെയാണ് സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജോബ് കുര്യൻ വേദിയിലെത്തിയത്.
‘അതേ നില’യുടെ അണിയറയിലുള്ള സംവിധായകൻ ചന്ദ്രകാന്തിനെയും ഛായാഗ്രാഹകൻ ബിലു ടോമിനെയും പിന്നണി സംഗീതജ്ഞരായ വർക്കിയെയും റെക്സ് വിജയനെയും അനന്തു നിർമലിനെയും റോണി ജോർജിനെയുമൊക്കെ ജോബ് കുര്യൻ സ്നേഹത്തോടെ അനുസ്മരിച്ചു. എല്ലാവർക്കും പ്രിയപ്പെട്ട സംഗീത വിരുന്നിലേക്ക് ഒരുമിച്ചുപോകാമെന്ന് പറഞ്ഞ് ജോബ് കുര്യൻ പാടിത്തുടങ്ങുമ്പോൾ നൃത്തച്ചുവടുകളുമായി ആരാധകർ ഒപ്പം കൂടി.
സംഗീതത്തിന്റെ വിസ്മയവിരുന്ന് സൃഷ്ടിച്ച രാവ് തുടങ്ങിയത് വാദ്യസംഗീതത്തിലായിരുന്നു. ഡർബുക്കയും ബോംഗോയുമായി സാഹിലും ജെബെയും തബലയുമായി സിക്കാനിയും കേക്ലോണും ചെറു തുകൽവാദ്യവുമായി അർജുനും കേക്ലോണുമായി കൃഷ്ണയും പിയാനോയും കീബോർഡുമായി ജോ മാർഷലും സംഗീതത്തിന്റെ കടൽ തീർത്തപ്പോൾ അതിൽ മുങ്ങിനിവരാൻ കൊതിച്ച് കാണികളെല്ലാം താളംപിടിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയായിരുന്നു പരിപാടിയുെട മെഡിക്കൽ പാർട്ണർ.
മാതൃഭൂമി ഡയറക്ടർ ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര, മാതൃഭൂമി ഡയറക്ടർ ഓപ്പറേഷൻസ് എം.എസ്. ദേവിക, കപ്പ ടി.വി. ഹെഡ് രഞ്ജിനി മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആ രാവിൽ പാട്ടിൻ തിരയിൽ
കൊച്ചി: ‘കുട്ടനാടൻ കായലിലെ കെട്ടുവള്ളം തുഴയുമ്പോൾ പാട്ടൊന്നു പാടെടി കാക്ക കുറുമ്പി....’ വേമ്പനാട്ട് കായൽതിരകൾ വിളിക്കുന്നതുപോലെയാണ് സയനോര സംഗീതപ്രേമികളെ ആ രാവിലേക്ക് ക്ഷണിച്ചത്. കാഴ്ച എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം പാടി സയനോര ചുവടു വെയ്ക്കുമ്പോൾ ഒപ്പം അവരെല്ലാമുണ്ടായിരുന്നു. ദർബാർ ഹാൾ മൈതാനം നിറഞ്ഞ സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത വിസ്മയരാവ് സമ്മാനിച്ചാണ് സയനോരയും ജോബ് കുര്യനും അവരെയെല്ലാം പാട്ടിന്റെ തിരകളിൽ നനച്ചത്.
സയനോര കുട്ടനാടൻ പാട്ട് പാടുമ്പോൾ ചുണ്ടൻവള്ളത്തിലെ തുഴച്ചിലുകാരെപ്പോലെ കാണികളെല്ലാം കൈകൾ ഒരേ താളത്തിൽ ആകാശത്തേക്കെറിഞ്ഞ് ഒപ്പം കൂടി. ‘ചിക് പുക് ചിക് പുക് റെയിലേ’ എന്ന സൂപ്പർ ഹിറ്റ് തമിഴ് ഗാനത്തിന്റെ എക്സ്പ്രസ്സ് ട്രാക്കിലേക്ക് സയനോര എത്തുമ്പോൾ അതിനേക്കാൾ വേഗത്തിൽ കാണികളും ട്രാക്ക് മാറി.
‘ഏട്യാന്നപ്പ പോയീന്ന്, എന്തന്നപ്പാ കയിച്ചിന്, കുഞ്ഞാളന്റെ വീട്ടില്‍ പോയിട്ട് കുടുക്കാച്ചി ബിരിയാണി കയിച്ചിന്...’ എന്ന പാട്ടുമായി സയനോര തകർത്തു.
പിന്നാലെ ജോബ് കുര്യന്റെ സംഗീത വിസ്മയം ഇതൾ വിടർന്നു. പദയാത്രയും ഇരുതലപക്ഷിയും പറുദീസയും മുല്ലയും അടക്കമുള്ള ഗാനങ്ങളുമായി ജോബ് കുര്യൻ പാടിത്തിമർത്തതോടെ സംഗീതത്തിന്റെ വലിയൊരു മഴ നനഞ്ഞ പ്രതീതിയിലായിരുന്നു കാണികളെല്ലാം. ‘നിറങ്ങളേ പറയുമോ, ഓമലായ് നിറയുമോ, നെഞ്ചിലേ കാവലേ, കൈയിലേ താരമേ’ എന്ന ‘പറുദീസ’യിലെ പാട്ടും ‘എന്നിലെ ചുടുതാളമായ് ഇനി യാത്രയായി, പദയാത്രയായി...’ എന്ന ‘പദയാത്ര’യിലെ ഗാനവും ഇതൾവിടർന്നു.
Content Highlights: Mathrubhumi’s Kappa TV to Mathrubhumi’s - Kappa Originals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..