വിജയ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മാസ്റ്റർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പിങ്ക് വില്ലയാണ് ഇത് സംംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കബീർ ഖാൻ, മുറാദ് കേദാനി എന്നിവർക്കൊപ്പം എൻഡമോൾ ഷൈനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിലെ നായക വേഷത്തിനായി സൽമാൻ ഖാനെ സമീപിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചിത്രത്തിലെ നായകതുല്യനായ പ്രതിനായക കഥാപാത്രത്തിനായി ആരെയാണ് സമീപിച്ചതെന്ന് വ്യക്തമല്ല.

"കഴിഞ്ഞ ഒരു മാസത്തിലേറെയായി മാസ്റ്റർ റീമേക്കിന് വേണ്ടി മുറാദും എൻഡമോൾ ടീമും സൽമാനുമായി കൂടിക്കാഴ്ച്ചകൾ നടത്തിയിരുന്നു. സൽമാന് ചിത്രത്തിന്റെ കഥ ഇഷ്ടമാവുകയും താത്‌പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാലും ഹിന്ദിയിലുള്ള ചിത്രത്തിന്റെ തിരക്കഥ മാസ്റ്റർ ടീം സൽമാന് നൽകേണ്ടതുണ്ട്. ബോളിവുഡ് പ്രേക്ഷകർക്ക് സ്വീകാര്യമാവുന്ന തരത്തിൽ പല മാറ്റങ്ങളും തിരക്കഥയിൽ വരുത്തേണ്ടതുണ്ട്. തിരക്കഥ കേട്ട ശേഷമേ സൽമാന്റെ തീരുമാനം അറിയുകയുള്ളൂ.മാസ്റ്റർ എന്ന കഥാപാത്രത്തിന് സൽമാന്റെ വ്യക്തിത്വവും പരിവേഷവുമാണ് നന്നായി ഇണങ്ങുക. അതിനാലാണ് സംഘം അ​ദ്ദേഹത്തെ സമീപിച്ചത്.." മാസ്റ്റർ ടീമിനോട് അടുത്ത വൃത്തങ്ങൾ പിങ്ക് വില്ലയോട് വ്യക്തമാക്കി.

കോളേജ് പ്രൊഫസറായ ജെ.ഡി എന്ന കഥാപാത്രമായി വിജയ് എത്തിയ മാസ്റ്ററിൽ ഭവാനി എന്ന പ്രതിനായക വേഷത്തിലെത്തിയത് വിജയ് സേതുപതിയാണ്. മാളവിക മോഹനാണ് ചിത്രത്തിൽ നായികയായെത്തിയത്. അനിരുദ്ധ് രവിചന്ദറായിരുന്നു സം​ഗീതം

അതേസമയം ഈദ് റിലീസായി ഒരുങ്ങുന്ന രാധേ എന്ന തന്റെ ചിത്രത്തിന്റെ തിരക്കുകളിലാണ് സൽമാൻ. ടൈ​ഗർ 3 ന്റെ ചിത്രീകരണവും നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബറോട് കൂടി ടൈ​ഗർ 3 പൂർത്തീകരിച്ച് സാജിദ് നാദിയാദ്വാലനിർമിക്കുന്ന കഭി ഈദ് കഭി ദീവാലിയിൽ സൽമാൻ ജോയിൻ ചെയ്യും.

Content Courtesy : Pinkvilla

Content Highlights : Master Remake In Hindi Salman Khan approached for the title Role Played by Vijay in Tamil Lokesh Kanakaraj Vijay sethupathi