വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. സംവിധായകൻ ലോകേഷ് കനകരാജാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.  

ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുന്നതിനാൽ ആമസോൺ പ്രെെമിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ സിനിമ ആമസോൺ പ്രെെമിൽ ലഭ്യമാകുന്നത് തിയേറ്ററിൽ റീലീസ് ചെയ്തതിന് ശേഷം മാത്രമാണെന്ന് നിർമാതാക്കൾ വ്യക്തമാക്കി. 

മാസ്റ്റർ തമിഴിലെ ബി​ഗ് റിലീസുകളിലൊന്നായ മാസ്റ്ററിന്റെ റിലീസ് ഏപ്രിൽ 9 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊറോണ ഭീതിയിൽ തിയ്യറ്ററുകൾ അടച്ചിട്ടതിനാൽ റിലീസ് നീണ്ടു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യാൻ അനുമതി ലഭിച്ചതിനാൽ അത് പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. 

വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മാളവിക മോഹനൻ, ശന്തനു ഭാ​ഗ്യരാജ്, ആൻഡ്രിയ, രമ്യ സുബ്രഹ്മണ്യൻ എന്നിവരാണ് മറ്റു താരങ്ങൾ. സം​ഗീതം- അനിരുദ്ധ് രവിചന്ദർ. ഛായാ​ഗ്രഹണം- സത്യൻ സൂര്യൻ, നിർമാണം- എക്സ് ബി ക്രിയേറ്ററിന്റെ ബാനറിൽ സേവിയർ ബ്രിട്ടോ.

Content Highlights: Master Movie Post production works Resumed