വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്റർ ആമസോൺ പ്രെെമിൽ മാത്രം റിലീസ് ചെയ്യുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുകയാണ്. ഇതെ തുടർന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഒടുവിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

സിനിമ ആമസോൺ പ്രെെമിൽ ലഭ്യമാകുന്നത് തിയേറ്ററിൽ റീലീസ് ചെയ്തതിന് ശേഷം മാത്രമാണെന്ന് അവർ വ്യക്തമാക്കി. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയ്ൻമെന്റ് നിർമിച്ച്, ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന ‘പൊൻമകൾ വന്താൽ’ എന്ന സിനിമ ലോക്ഡൗൺ കാരണം തിയേറ്ററുകൾക്ക് പകരം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. തുടർന്ന് സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് തിയേറ്റർ ഉടമകൾ രം​ഗത്തെത്തി. ഈ സാഹചര്യത്തിലാണ് മാസ്റ്ററിനെക്കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ തമിഴിലെ ബി​ഗ് റിലീസുകളിലൊന്നാണ്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മാളവിക മോഹനൻ, ശന്തനു ഭാ​ഗ്യരാജ്, ആൻഡ്രിയ, രമ്യ സുബ്രഹ്മണ്യൻ എന്നിവരാണ് മറ്റു താരങ്ങൾ. സം​ഗീതം- അനിരുദ്ധ് രവിചന്ദർ. ഛായാ​ഗ്രഹണം- സത്യൻ സൂര്യൻ, നിർമാണം- എക്സ് ബി ക്രിയേറ്ററിന്റെ ബാനറിൽ സേവിയർ ബ്രിട്ടോ.

Content Highlights: Master movie confirmed release on Amazon Prime only after theater release, Vijay Sethupathy, Lokesh Kanakaraj