പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് വാങ്ങി. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ തീയേറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രമാണ് മാസ്റ്റർ. കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോയിരുന്നത്. 

എങ്കിലും ചിത്രം ഓടിടി റിലീസായി പുറത്തിറക്കില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതോടെ ചിത്രം ഓടിടി ആയി പുറത്തിറങ്ങുമോയെന്ന നിരാശയിലാണ് ആരാധകർ. 

നടി രാധിക ശരത്കുമാറും ആശങ്ക പങ്കുവച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രം തീയേറ്ററിൽ കാണാനാണ് താൻ ആ​ഗ്രഹിച്ചതെന്നാണ് താരം ട്വീറ്റ് ചെയ്യുന്നത്. 

ഇപ്പോഴത്തെ സാഹചര്യത്തിൽ 2021  ജനുവരിയോടെ തിയറ്ററുകൾ തുറക്കാനാണ് തീരുമാനം. അങ്ങനെയെങ്കിൽ ജനുവരിയിൽ പൊങ്കൽ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഈ വാർത്തകളിൽ അണിയറപ്രവർത്തകരുടെ സ്ഥിരീകരണത്തിന് കാത്തു നിൽക്കുകയാണ് ആരാധകർ. 

വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമാണ് സേതുപതിയുടേതെന്നാണ് സൂചന. മാളവിക മോഹനൻ, അർജുൻ ദാസ്, ശന്തനു ഭാ​ഗ്യരാജ്, ആൻഡ്രിയ, രമ്യ സുബ്രഹ്മണ്യൻ എന്നിവരാണ് മറ്റു താരങ്ങൾ. സം​ഗീതം- അനിരുദ്ധ് രവിചന്ദർ. ഛായാ​ഗ്രഹണം- സത്യൻ സൂര്യൻ

Content Highlights : Master For OTT Release rumours as Netflix buys digital streaming rights Vijay Vijay Sethupathi Lokesh Kanakaraj