വിജയിന്റെ മാസ്റ്റര്‍ എന്ന സിനിമയ്‌ക്കെതിരേയുള്ള നീക്കമല്ല ഫിയോകിന്റെ നിലപാടെന്ന് വ്യക്തമാക്കി ഫിയോക് അംഗങ്ങളായ ദീലീപ്, ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍, ആന്റോ ജോസഫ് തുടങ്ങിയവര്‍. സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ ഓരോ തീയേറ്റര്‍ ഉടമയുടെയും ആഗ്രഹമെന്നും എന്നാല്‍ സര്‍ക്കാര്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും ഫിയോക് പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂര്‍.

കുടിശ്ശികയിനത്തില്‍ വന്‍തുക വിതരണക്കാര്‍ക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിക്കാനുണ്ട്. വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. സര്‍ക്കാറില്‍ നിന്ന് ഇളവുകള്‍ ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. അതിനുവേണ്ടി കാത്തിരിക്കുകയാണ്. തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കുന്നില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച ഇതെക്കുറിച്ച് സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കില്‍ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ല. ഒരു സിനിമയെ മാത്രം മുന്നില്‍ കണ്ട് തീയേറ്ററുകള്‍ അങ്ങനെ തുറക്കാന്‍ പറ്റില്ല. ഒരു സിനിമയ്ക്കുവേണ്ടി മാത്രം തീയേറ്ററുകള്‍ അങ്ങനെ തുറന്ന്, അടയ്ക്കാന്‍ സാധിക്കില്ലല്ലോ- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 

തമിഴ്നാട് കഴിഞ്ഞാല്‍ തമിഴ്ചിത്രങ്ങളുടെ ഏറ്റവും വലിയ വിപണി കേരളമാണ്. അതുകൊണ്ട് മാസ്റ്ററിന്റെ നിര്‍മാതാക്കള്‍ ആശങ്കയിലാണ്. മാത്രവുമല്ല, 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവില്‍ കേന്ദ്രം ഇടപെടുകയും ചെയ്തു. തീരുമാനം റദ്ദാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2005 ലെ ദുരന്ത നിവാരണ വകുപ്പ് അനുസരിച്ച് ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടു.

Content Highlights: Maser in trouble after  FEUOK declares Theatres in Kerala won’t reopen soon, Vijay Master Release