ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം മരുഭൂമിയിലെ ആനയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഖത്തര്‍ പ്രധാന ലൊക്കേഷനായെത്തുന്ന ചിത്രത്തിലെ നായിക സംസ്‌കൃതി ഷേണായിയാണ്. കൃഷ്ണ ശങ്കര്‍, ബാലു വര്‍ഗ്ഗീസ്, ലാലു അലക്‌സ്, മേജര്‍ രവി, പാഷാണം ഷാജി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മിഡില്‍ ഈസ്റ്റില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജനായ ഷെയ്ഖിന്റെ വേഷത്തിലാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. 

തമാശക്ക് പ്രാധാന്യം നല്‍കുന്ന മരുഭൂമിയിലെ ആനയുടെ കഥ രചിച്ചിരിക്കുന്നത് ശരത് ചന്ദ്രന്‍ വയനാടാണ്. നിര്‍മ്മാണം ഡേവിഡ് കാച്ചപ്പള്ളിയാണ്. രതീഷ് വേഗ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ്. 

ഖത്തര്‍ കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന മൂന്നാമത്തെ മലയാള ചലച്ചിത്രമാണ് മരുഭൂമിയിലെ ആന. നേരത്തെ പത്മകുമാര്‍ സംവിധാനം ചെയ്ത കനല്‍, രാജീവ് നാഥിന്റെ രസം എന്നീ ചിത്രങ്ങള്‍ ഖത്തറില്‍ ചിത്രീകരിച്ചിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഇരിങ്ങാലക്കുടയിലും ചിത്രീകരിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ചിത്രം തിയേറ്ററുകളിലെത്തും.