ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. പത്രസമ്മേളനത്തിനിടെ ധനുഷിനെക്കുറിച്ച് മാരി സെൽവരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ ആദ്യ ചിത്രമായ പരിയേരും പെരുമാളിൽ നായകനായി ഉദ്ദേശിച്ചിരുന്നത് ധനുഷിനെയാണെന്ന് വ്യക്തമാക്കിയ തന്റെ ഏത് കഥയും അഭിനയിക്കാൻ സാധിക്കുന്ന നടനാണ് ധനുഷെന്നാണ് പറഞ്ഞത്.

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് തൊട്ട് പിന്നാലെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം. ഏപ്രിൽ ഒൻപതിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

Content Highlights :Mari Selvaraj about Dhanush ahead of karnan movie release