തരം​ഗമായി മാറി മരക്കാർ അറബിക്കടലിന്റെ സിംഹം ടീസർ. യൂട്യൂബ് ട്രെൻ‌ഡിങ്ങിൽ ഒന്നാമതായി തുടരുന്ന ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ കണ്ടത് 14 ലക്ഷത്തിലധികം പേരാണ്. ബ്രഹ്മാണ്ഡ കാഴ്ച്ചകളുമായി ഒരുക്കിയ ടീസർ കണ്ട് അത്ഭുതപ്പെട്ടവരിൽ സാക്ഷാൽ ഫെയ്സ്ബുക്കും ഉൾപ്പെടുന്നു. ഐതിഹാസിക ടീസറെന്നാണ് ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച മോഹൻലാലിന്റെ ഔദ്യോഗിക പേജിൽ ഫെയ്സ്ബുക്ക് ടീം കമന്റ് ചെയ്തത്.

പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 2നാണ് മരക്കാർ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിൻറെ മുടക്കുമുതൽ 100 കോടിയാണ്. പോയ വർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. 

സാബു സിറിലാണ് കലാ സംവിധായകൻ.  തിരു ആണ് ഛായാ​ഗ്രഹണം.  

content highlights : Marakkar teaser trending facebook commented Mohanlal Priyadarshan Big budget movie marakkar