തോപ്പുംപടി : ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന പ്രിയദർശൻ ചിത്രത്തിന്‌ ദേശീയ പുരസ്കാരം ലഭിക്കുമ്പോൾ, പഴയ ‘കുഞ്ഞാലി മരയ്ക്കാറി’ന്റെ ഓർമകളിലാണ്‌ കൊച്ചിക്കാരൻ ടി.പി. മുഹമ്മദാലി. മലയാള സിനിമയ്ക്ക്‌ കുഞ്ഞാലി മരയ്ക്കാറിന്റെ പേരിൽ ലഭിക്കുന്ന രണ്ടാമത്തെ ദേശീയ അംഗീകാരമാണിതെന്നു മുഹമ്മദാലി ഓർക്കുന്നു.

1967-ലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത് കൊച്ചിക്കാരനായ ടി.കെ. പരീക്കുട്ടി നിർമിച്ച് എസ്.എസ്. രാജൻ സംവിധാനം ചെയ്ത ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ചിത്രത്തിനാണ്. കറുപ്പിലും വെളുപ്പിലും ഒരുക്കിയ പഴയ കുഞ്ഞാലി മരയ്ക്കാർ നിർമിച്ച പരീക്കുട്ടിയുടെ സഹോദരന്റെ മകനാണു മുഹമ്മദാലി. വിൻസെന്റിന്റെ ഛായാഗ്രഹണമാണ്‌ കുഞ്ഞാലി മരയ്ക്കാറെ ഹൃദ്യമായ അനുഭവമാക്കി മാറ്റിയത്.

“അന്നു കുഞ്ഞാലി മരയ്ക്കാർ വലിയ ജനപ്രീതി നേടി. ടാക്കീസുകളിൽ ഹൗസ് ഫുള്ളായിരുന്നു. അക്കാലത്തെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണു ചിത്രം പൂർത്തിയാക്കിയത്” - മുഹമ്മദാലി പറയുന്നു.

ബേപ്പൂരിലും കൊച്ചിയിലുമായിരുന്നു ഷൂട്ടിങ്. കൊച്ചിയിൽ പരീക്കുട്ടിക്ക്‌ സ്വന്തമായുണ്ടായിരുന്ന തോണികളെല്ലാം ചിത്രത്തിനു വേണ്ടി ഉപയോഗിച്ചു. “ചരിത്രകഥ പറയുന്ന സിനിമ വലിയ സാഹസമായിരുന്നു അക്കാലത്ത്. പക്ഷേ, അതിനുവേണ്ടി ഏതറ്റം വരെ പോകാനും മൂത്താപ്പ തയ്യാറായിരുന്നു” - മുഹമ്മദാലി ഓർക്കുന്നു. കൊട്ടാരക്കര ശ്രീധരൻ നായരാണ്‌ മരയ്ക്കാറെ അവതരിപ്പിച്ചത്. ജ്യോതിലക്ഷ്മിയായിരുന്നു നായിക. പടം സാമ്പത്തിക വിജയം നേടി. സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം അന്നത്തെ പ്രസിഡന്റ് സക്കീർ ഹുസൈനിൽനിന്ന്‌ പരീക്കുട്ടി സ്വീകരിക്കുന്ന ചിത്രം മുഹമ്മദാലി നിധി പോലെ സൂക്ഷിക്കുന്നു.

പരീക്കുട്ടി നിർമിച്ച ‘നീലക്കുയിൽ’ ഉൾപ്പെടെ നാലു ചിത്രങ്ങൾക്ക്‌ ദേശീയ പുരസ്കാരം ലഭിച്ചു. നാലു രാഷ്ട്രപതിമാരിൽനിന്ന്‌ ദേശീയ പുരസ്കാരം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച മലയാളത്തിലെ ഒരേയൊരു നിർമാതാവും പരീക്കുട്ടിയാണ്. മുടിയനായ പുത്രൻ, തച്ചോളി ഒതേനൻ എന്നിവയാണ്‌ അവാർഡ്‌ നേടിയ മറ്റു ചിത്രങ്ങൾ. ഒമ്പതു ചിത്രങ്ങളാണ്‌ പരീക്കുട്ടിയുടെ സിനിമാ കമ്പനിയായ ചന്ദ്രതാര പ്രൊഡക്ഷൻസ് നിർമിച്ചത്.

പഴയ കുഞ്ഞാലി മരയ്ക്കാറിന്റെ പ്രിന്റ് ഇപ്പോഴുമുണ്ടെന്നു മുഹമ്മദാലി പറയുന്നു. അന്നു കമ്പനിയിലുണ്ടായിരുന്ന ജീവനക്കാർ അതു മറ്റൊരാൾക്കു നൽകി. പരീക്കുട്ടിയുടെ പല ചിത്രങ്ങളുടെയും പ്രിന്റുകൾ അങ്ങനെ വിറ്റുപോയതാണ്.

അവസാന കാലത്ത്‌ സിനിമാ നിർമാണത്തിലും മറ്റും പരീക്കുട്ടിയുടെ സഹായിയായിരുന്നു മുഹമ്മദാലി. ‘ആൽമരം’ എന്ന അവസാന ചിത്രത്തിൽ മുഹമ്മദാലി അഭിനയിച്ചിട്ടുമുണ്ട്. കൊച്ചി തുറമുഖത്തെ പഴയകാല ബിസിനസുകാരനായ മുഹമ്മദാലി ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നു.

Content Highlights: Marakkar Movie 1967, national award winning movie, marakkar arabikadalinte simham, 2021