-
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ഡിലീറ്റഡ് രംഗം പുറത്ത്. മോഹൻലാൽ, സിദ്ദീഖ്, നന്ദു, മാമൂക്കോയ എന്നിവർ ഉൾപ്പെടുന്ന ഹാസ്യ രംഗമാണ് പുറത്ത് വിട്ടിരിക്കുന്നത്. സീൻ എടുത്തതിനു ശേഷം മോണിറ്ററിൽ നോക്കി അത് വിലയിരുത്തുന്ന പ്രിയദർശനെയും കാണാം.
സാമൂതിരിയുടെ സദസ്സിലെത്തുന്ന മരക്കാരും പട്ടുമരക്കാരും മാമുക്കോയ അവതരിപ്പിച്ച അബൂബക്കര്‍ ഹാജിയെ പരിചയപ്പെടുന്ന ഈ രംഗം മലയാളത്തിൽ നിന്നും മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത്.
ഓടിടി റിലീസില്‍ മറ്റു ഭാഷാപതിപ്പുകളില്‍ ഈ രംഗം കണ്ടിരുന്നുവെന്ന് പ്രേക്ഷകരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ഡിസംബർ 2നാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഡിസംബർ 17ന് ചിത്രം ആമസോൺ പ്രൈമിലൂടെ ഓടിടി റിലീസായും പ്രേക്ഷകരിലേക്ക് എത്തി.
പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. റിലീസിന് മുമ്പേ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.
Content Highlights : Marakkar Deleted scene Mohanlal Priyadarshan Mamukkoya Siddique
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..