യുഎഇയില്‍ വരുമാനത്തില്‍ റെക്കോഡിട്ട് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം'. യു.എ.ഇയില്‍ മാത്രമായി ചിത്രം 64 തിയേറ്ററുകളിലാണ് റിലീസിനെത്തിയത്. 368 ഷോകളില്‍ നിന്ന് 2.98 കോടിരൂപയോളം വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു.

റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് മരക്കാര്‍ തീയേറ്ററുകളിലെത്തിയത്. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, സുഹാസിനി, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, പ്രഭു, ഇന്നസെന്റ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതല്‍ 100 കോടിയാണ്. പോയവര്‍ഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാര്‍. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്. 

Content Highlights: Marakkar: Arabikadalinte Simham Film sets record in UAE, Priyadarshan Mohanlal Movie