മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിലൂടെ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ തിരുവനന്തപുരം ഏരീസ് പ്ലെക്‌സ്. തീയറ്ററിലെ ആറ് സ്‌ക്രീനുകളിലായി 42 ഷോകള്‍ ഒരു ദിവസം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ 12 :01 ന് പ്രദര്‍ശനം ആരംഭിക്കും. 11 : 59 വരെ  മാരത്തോണ്‍ പ്രദര്‍ശനം തുടരും. പുലര്‍ച്ചെ 12 : 01 മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും. 12:01 am, 12: 30 am, 03:45 am,4: 15 am എന്നീ സമയങ്ങളില്‍ ആണ് ഫാന്‍സ് ഷോ ക്രമീകരിച്ചിരിക്കുന്നത്- തിയേറ്റര്‍ ഉടമ ഡോ. സോഹന്‍ റോയി വ്യക്തമാക്കുന്നു. 

''150 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ബാഹുബലി എന്ന ചിത്രം 2015 ഡിസംബറില്‍ തിരുവനന്തപുരം ഏരീസ് പ്ലെക്‌സില്‍ റിലീസ് ചെയ്തപ്പോള്‍ മൂന്ന് കോടി രൂപയാണ് വരുമാനം നേടിയത്. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റര്‍ എന്ന റെക്കോര്‍ഡും അന്ന് ഏരീസ് പ്ലെക്‌സ് സ്വന്തമാക്കിയിരുന്നു. മരയ്ക്കാറിലൂടെ അതേ ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു''- തിയേറ്റര്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 2 ന് മരയ്ക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 100 കോടിരൂപയോളം മുടക്കി ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനെ പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlights: Marakkar arabikadalinte simham, Aries Plex SL Cinemas thiruvananthapuram to conduct marathon show, Mohanlal, Priyadarshan Film, Marakkar Release