മരക്കാറിൽ മോഹൻലാൽ, കുറുപ്പിൽ ദുൽഖർ സൽമാൻ
കൊച്ചി: പുതിയ സിനിമകൾ തിയേറ്ററിൽനിന്നു അതിവേഗം ഒ.ടി.ടി.യിലെത്തുമ്പോൾ നിബന്ധനകൾ കടുപ്പിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്'. മോഹൻലാലിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹ'വും ദുൽഖർ സൽമാന്റെ 'കുറുപ്പും' ഒ.ടി.ടി.യിൽ എത്തിയതോടെയാണ് ഫിയോക് കടുത്ത നിബന്ധനകളിലേക്ക് കടന്നത്. ഒ.ടി.ടി.യിലേക്കു പോയതോടെ ഈ രണ്ടു സിനിമകളും തിയേറ്ററുകളിൽനിന്നു പിൻവലിക്കാനാണ് നിർദ്ദേശം.
വെള്ളിയാഴ്ച ‘മരക്കാറും’ ‘കുറുപ്പും’ ഒ.ടി.ടി.യിൽ എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ‘കുറുപ്പ്’ നിശ്ചയിച്ച ദിവസത്തിനു മുമ്പു തന്നെ ഒ.ടി.ടി.യിലെത്തി. ഇതോടെ സിനിമ തിയേറ്ററുകളിൽനിന്നു ‘ഫിയോക്’ പിൻവലിക്കുകയും ചെയ്തു. വെള്ളിയാഴ്ച ‘മരക്കാറി’ന്റെ കാര്യത്തിലും ‘ഫിയോക്’ ഇതേ നിലപാട് തന്നെയാകും സ്വീകരിക്കുക. ഒ.ടി.ടി.യിലേക്കു പോകുന്ന സിനിമകൾ ഒരു കാരണവശാലും തിയേറ്ററുകളിൽ തുടരില്ലെന്നാണ് ‘ഫിയോക്’ അറിയിച്ചിരിക്കുന്നത്.
തിയേറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസം കഴിഞ്ഞാണ് സിനിമകൾക്കു ഒ.ടി.ടി.യിലേക്കു പോകാനുള്ള അനുമതി. ഇത്തരത്തിലാണ് ഫിയോകും നിർമാതാക്കളും തമ്മിൽ കരാറുള്ളതെങ്കിലും ലോക്ഡൗണിൽ ഒരുപാട് സിനിമകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ അതു 30 ദിവസമായി കുറച്ചിരുന്നു. 2022 മാർച്ച് 31-വരെയാണ് 30 ദിവസമായി കുറച്ച കാലാവധിയുള്ളത്. എന്നാൽ ‘മരക്കാർ’ സിനിമ, സർക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒ.ടി.ടി.യിലേക്കു പോകാൻ ‘ഫിയോക്’ പ്രത്യേക അനുമതി നൽകുകയായിരുന്നു.
Content Highlights : Marakkar and Kurup OTT Releases, Feuok
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..