വിശ്വസുന്ദരിയും ലോകസുന്ദരിയുമൊക്കെയായാല്‍ സ്വാഭാവികമായും അടുത്ത ലക്ഷ്യം ബോളിവുഡാണ്. നേരെ ബോളിവുഡില്‍ ക്രാഷ് ലാന്‍ഡ് ചെയ്ത ചരിത്രമാണ് ഭൂരിഭാഗം സുന്ദരിമാര്‍ക്കുമുള്ളത്.

ബോളിവുഡിലേയ്ക്ക് ഇതിലും മികച്ചൊരു ലോഞ്ചിങ് പാഡ് വേറെ കിട്ടാനില്ല പെണ്‍കുട്ടികള്‍ക്ക്. എന്നാല്‍, ലോകസുന്ദരി മാനുഷി ഛില്ലര്‍ക്ക് അങ്ങനെയൊരു തിടുക്കവുമില്ല. ബോളിവുഡ് അരങ്ങേറ്റത്തിന്റെ കാര്യത്തില്‍ അഭിനയം വേണ്ട, മെഡിസിന്‍ പഠനം മതിയെന്ന് പ്രഖ്യാപിച്ച, ലോകസുന്ദരിപ്പട്ടം ചൂടിയ ആദ്യ ഇന്ത്യക്കാരിയായ റീത ഫാരിയയാണ് മാനുഷിയുടെ മാതൃക.

പഠനം ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് വരാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയുകയാണ് ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഛില്ലര്‍.

ഡോക്ടര്‍ ബിരുദം സ്വന്തമാക്കുകയാണ് ആദ്യ ലക്ഷ്യം. നല്ലൊരു ഡോക്ടറാവണമെങ്കില്‍ നല്ലൊരു അഭിനേതാവ് കൂടിയാവണമെന്ന അച്ഛന്റെ വാക്കുകളാണ് എപ്പോഴും ഓര്‍ക്കാറുള്ളത്. ഏത് വിഷമസന്ധിയിലും ഒരു കുഴപ്പവുമില്ലെന്ന് രോഗികളെ  തോന്നിപ്പിക്കണമെങ്കില്‍ ഒരുതരം അഭിനയം തന്നെ വേണ്ടിവരും. അതുകൊണ്ട് ഞാന്‍ അത് രണ്ടും ഒന്നിച്ച്‌കൊണ്ടുപോകും എന്നാണ് തോന്നുന്നത്.

എന്തായാലും ഇപ്പോള്‍ മനസ്സില്‍ ബോളിവുഡില്ല. അടുത്തൊന്നും സിനിമാരംഗത്ത് പ്രവേശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. ഇപ്പോള്‍ ആര്‍ത്തവശുചിത്വം സംബന്ധിച്ച കാമ്പയിനിന്റെ ഭാഗമായി ഞാന്‍ യാത്രയിലായിരിക്കും-മാനുഷി ഛില്ലര്‍ പറഞ്ഞു.

ആമിര്‍ ഖാനൊപ്പം ജോലി ചെയ്യുക എന്നത് ഒരു സ്വപ്‌നമായിരുന്നു. എന്നെങ്കിലും സിനിമാരംഗത്ത് എത്തിയാല്‍ ആമിറിനൊപ്പമാവണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ സിനിമകള്‍ വെറും വിനോദോപാധികളല്ല, സാമൂഹികപ്രസക്തിയുള്ളവയുമാണ് എന്നതു തന്നെ കാരണം. അതുകൊണ്ട് ഈ സിനിമകളിലെ അഭിനം എനിക്ക് ഏറെ സംതൃപ്തി നല്‍കുമെന്ന് തോന്നുന്നു. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരിയായ റീത ഫാരിയയെ സന്ദര്‍ശിക്കുക എന്നതാണ് മറ്റൊരു ആഗ്രഹം.

ഒരുപാട് സിനിമകള്‍ കാണുന്ന ആളല്ല ഞാന്‍. പുസ്തകവായനയോടാണ് കൂടുതല്‍ പ്രിയം. വെല്ലുവിളി നിറഞ്ഞ സിനിമകള്‍ സൃഷ്ടിക്കുന്ന ആമിറിനോടാണ് എനിക്ക് കൂടുതല്‍ അടുപ്പം. എന്നാല്‍, ഏറ്റവും പ്രിയപ്പെട്ട നടനെ തിരഞ്ഞെടുക്കാന്‍  പറഞ്ഞാല്‍ ഞാന്‍ കുഴങ്ങും. നടികളില്‍ പ്രിയങ്ക ചോപ്രയാണ് ഏറ്റവും പ്രിയപ്പെട്ട ആള്‍-ചോദ്യത്തിന് ഉത്തരമായി ഛില്ലര്‍ പറഞ്ഞു.

ആത്മവിശ്വാസമാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ കരുത്തെന്ന് ദീപിക പദുക്കോണിനെതിരെയുള്ള ഭീഷണികള്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഛില്ലര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. ഒരു സ്ത്രീസൗഹൃദ സമൂഹമല്ല ഇത്. എങ്കിലും വ്യക്തികള്‍ എന്ന നിലയില്‍ നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടതുണ്ട്-ഛില്ലര്‍ പറഞ്ഞു.

Content Highlights: Manushi Chhillar Miss World 2017 Aamir Khan Bollywood Reita Faria Project Shakti Menstrual Hygiene Manushi Chhillar's Bollywood Entry, Miss World Winners Who Didn't Opt Acting, No To Bollywood