ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പാക്കപ്പ് ആയത്. ദുൽഖർ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി മനോജ് കെ ജയനും വേഷമിടുന്നുണ്ട്. ഇപ്പോൾ ദുൽഖറിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് മനോജ് കെ ജയൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

“ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് ‘സല്യൂട്ട്’ എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി. ‘2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021-ൽ ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം. ദുൽഖർ…. എന്തൊരു സ്വീറ്റ് വ്യക്തിയാണ് മോനേ നീ….ലവ് യൂ..

പ്രിയപ്പെട്ട റോഷൻ ഇതെന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാർത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച്, പല തവണ, പല സമയത്ത് സെറ്റിൽ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോൾ ... എനിക്കുണ്ടായ സന്തോഷം., അഭിമാനം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും പിന്തുണയ്ക്കും നൂറു നന്ദി. ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയിൽ കഥാപാത്രമാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു കുറെ നാളായി , കാരണം , നവ മലയാള സിനിമയിലെ ഏറ്റവും മിടുക്കരായിട്ടുള്ള തിരക്കഥാകൃത്തുക്കളാണ് അവർ.  കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാൻ എനിക്ക് സാധിച്ചു ,നന്ദി ബോബി സഞ്ജയ്. എന്റെ എല്ലാ സഹതാരങ്ങളോടും, വാഫേറർ ഫിലിംസ്, മറ്റ് അണിയറപ്രവർത്തകർ എല്ലാവരോടും നന്ദി.  ” മനോജ് കെ ജയൻ കുറിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manoj K Jayan (@manojkjayan)

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മനോജ്.കെ.ജയൻ വേഷമിടുന്ന ചിത്രമാണിത്. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെറെർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Content Highlights : Manoj K Jayan about Dulquer Salmaan Salute Movie Roshan Andrews Bobby Sanjay