-
9-ാം വയസ്സിൽ കണ്ട സ്വപ്നം സത്യമാക്കാനുള്ള പരിശ്രമത്തിനിടയിൽ താനനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ മനോജ് വാജ്പേയി. ഹ്യൂമൺസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടൻ തന്റെ ജീവിതകഥ പറഞ്ഞത്. പ്രതിസന്ധികൾ തന്റെ വഴിമുടക്കിക്കൊണ്ട് എന്നുമുണ്ടായിരുന്നുവെന്നും എന്നാൽ തന്നിലെ ആ ഒൻപതുവയസ്സുകാരന്റെ വിശ്വാസം കൂട്ടിനുണ്ടായിരുന്നതിനാലാണ് ഇവിടെ വരെയെത്തിയതെന്നും നടൻ പറയുന്നു
'കർഷകന്റെ മകനാണ് ഞാൻ. ഞങ്ങൾ അഞ്ച് മക്കളായിരുന്നു. ഓലമേഞ്ഞ സ്കൂളിലായിരുന്നു പഠനം. ബീഹാറിലെ ഒരു കുഞ്ഞു ഗ്രാമത്തിൽ ചെറിയ സന്തുഷ്ടജീവിതം. അടുത്തുള്ള പട്ടണത്തിൽ പോകുമ്പോഴെല്ലാം തീയേറ്ററിൽ പോകും. അമിതാഭ് ബച്ചന്റെ കടുത്ത ആരാധകനായിരുന്നു ഞാൻ. അദ്ദേഹത്തെപ്പോലെയാകാൻ ആയിരുന്നു മോഹം. 9-ാം വയസ്സിൽ ആ തീരുമാനമെടുത്തു. അഭിനയമാണ് എന്റെ തലയിലെഴുതിയിരിക്കുന്നത്.
17-ാം വയസ്സിൽ മനോജ് ഡൽഹി സർവകലാശാലയിൽ നാടകം പഠിക്കാൻ പോയി. അതും വീട്ടുകാരെ അറിയിക്കാതെ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അച്ഛന് കത്തെഴുതി. അച്ഛൻ ശാസിച്ചില്ല. പകരം അദ്ദേഹം ഫീസിനായി 200 രൂപയും ചേർത്ത് മറുപടി കത്ത് അയയ്ക്കുകയാണ് ഉണ്ടായത്. എന്നാൽ വീട്ടിൽ അതോടെ ഞാൻ ഒന്നിനും കൊള്ളാത്തവനായി. എല്ലാവരുടെയും കണ്ണിലെ കരടായി.
പിന്നീട് ഇംഗ്ലീഷും ഹിന്ദിയും പഠിച്ചു. നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് അപേക്ഷിച്ചു. മൂന്നു തവണയും അപേക്ഷ തിരസ്കരിക്കപ്പെട്ടു. അന്ന് ശരിക്കും ആത്മഹത്യ ചെയ്യണമെന്നു തോന്നി. പക്ഷേ സുഹൃത്തുക്കൾ എന്നെ കൈവിട്ടില്ല. ആത്മവിശ്വാസം ചോർന്നു പോകുന്ന അവസരത്തിലൊക്കെ ചേർത്തുപിടിച്ചു. ഹിന്ദിയ്ക്കും ഇംഗ്ലീഷിനും പുറമെ ഭോജ്പുരിയും പഠിച്ചെടുത്തു. (പിന്നീട് ചില ആക്ടിംഗ് വർക്ക് ഷോപ്പുകളിൽ പങ്കെടുത്തു. ആക്ടിംഗ് കോച്ച് ആയ ബാരി ജോണിന്റെ സഹായിയായിരിക്കെ വീണ്ടും നാലാം വട്ടം അപേക്ഷ അയച്ചപ്പോൾ അഭിനയം പഠിക്കാനല്ല, പഠിപ്പിക്കാനാണ് നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് മനോജിനെ ക്ഷണിച്ചത്.)
മുംബൈയിലെത്തിയിട്ടും പ്രതിസന്ധികളും തിരസ്കാരങ്ങളും തന്നെയായിരുന്നു. അഞ്ചു സുഹൃത്തുക്കൾ ചേർന്ന് ഒരു വീടെടുത്ത് താമസിച്ചു. മുംബൈ തെരുവുകളിൽ അവസരങ്ങൾക്കായി അലഞ്ഞു. ഒരിക്കൽ ഒരു അസിസ്റ്റന്റ് ഡയറക്ടർ എന്റെ ഫോട്ടോ കീറിക്കളഞ്ഞു. അന്ന് ഒരു ദിവസം ഒരുമിച്ച് നഷ്ടമായത് മൂന്ന് അവസരങ്ങൾ. ആദ്യ ഷോട്ടിനു ശേഷം ആട്ടിപ്പറഞ്ഞയയ്ക്കുകയാണുണ്ടായത്. നായകനാവാനുള്ള മുഖമല്ലാതിരുന്നതിനാൽ സിനിമയെന്നത് എനിക്കപ്പോഴും അന്യമാണെന്ന തോന്നൽ കൂടിക്കൂടി വന്നു. അന്ന് എങ്ങനെയൊക്കെയോ വീട്ടുവാടക കൊടുത്തു. വടപാവു വരെ അന്ന് വിലപിടിപ്പുള്ളതായി തോന്നിയിരുന്നു.
വിശപ്പ് ഒരിക്കലും എന്റെയുള്ളിലെ അഭിനയമോഹത്തെ തല്ലിക്കെടുത്തിയില്ല. നാലു വർഷത്തിനു ശേഷം മഹേഷ് ഭട്ടിന്റെ ടിവി സീരീസിൽ ഒരു വേഷം ലഭിച്ചു. ഒരു എപ്പിസോഡിനു 1500 രൂപ പ്രതിഫലം വാങ്ങി ഞാൻ അഭിനയിച്ചു. അതിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ ആദ്യബോളിവുഡ് ചിത്രം കൈവന്നു.'
മിസിസ് സീരിയൽ കില്ലർ, ഭോസ്ലേ എന്നീ ചിത്രങ്ങളിലാണ് മനോജ് ഈ വർഷം അഭിനയിച്ചത്. രണ്ടു ചിത്രങ്ങളും റിലീസ് കാത്തിരിക്കയാണ്.
Content Highlights :manoj bajpayee life story humans of bombay sushant singh rajput death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..