വാഹനാപകടത്തിൽ മരിച്ച ഗായിക മഞ്ജുഷ മോഹന്‍ദാസിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി സ്വാതി നാരായണന്‍. വിനയൻ സംവിധാനം ചെയ്ത 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയില്‍ കാവേരിയുടെ കുട്ടിക്കാലം മഞ്ജുഷയായിരുന്നു. . ചിത്രത്തില്‍ കലാഭവന്‍ മണിയ്‌ക്കൊപ്പം 'ചാന്തുപൊട്ടും ചങ്കേലസ്സും' എന്ന സൂപ്പർഹിറ്റ് അവാർഡ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതേ പാട്ടില്‍ പ്രവീണയുടെ ബാല്യകാലം അവതരിപ്പിച്ച നടി സ്വാതി നാരായണന്‍ മഞ്ജുഷയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഫെയ്​സ്ബുക്കിലൂടെ.

"വിശ്വസിക്കാന്‍ വയ്യ ശ്രീക്കുട്ടീ.... ആദരാഞ്ജലികള്‍... 
ഞാനും ശ്രീകുട്ടിയും (മഞ്ജുഷ) 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ 'ചാന്തുപൊട്ടും ചങ്കേലസ്സും' എന്ന ഗാനത്തില്‍. കുട്ടിക്കാലത്തു ഒരുപാട് വേദികളില്‍ ഒന്നിച്ചു നൃത്തം അവതരിപ്പിച്ചിരുന്നു... കുറെ നാളായി കണ്ടിട്ട്.. എങ്കിലും വല്ലാത്തൊരു വിങ്ങല്‍..." സ്വാതി ഫെയ്​സ്ബുക്കിൽ കുറിച്ചു.

ശ്രീക്കുട്ടിയെന്നാണ് മഞ്ജുഷയെ വിളിക്കുന്നത്. നല്ലൊരു നര്‍ത്തകിയാവാന്‍ മോഹിച്ചിരുന്ന ശ്രീക്കുട്ടിയെയാണ്  താൻ അറിയുന്നതെന്നും പിന്നീട് ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നും സ്വാതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇരുവരും ഒരുമിച്ചാണ് ഗുരുവായ കലാമണ്ഡലം വസന്തയുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ചിരുന്നതെന്നും നിരവധി വേദികളില്‍ ഇരുവരും ഒരുമിച്ച് നൃത്തം അവതരിപ്പിച്ചിട്ടുണ്ടെന്നും സ്വാതി ഓര്‍ക്കുന്നു.

സു സു സുധി വാത്മീകത്തില്‍ ജയസൂര്യയുടെ നായികയായാണ് ഭരതനാട്യം-കുച്ചിപ്പുടി നര്‍ത്തകിയായ സ്വാതി നാരായണന്‍ മലയാള സിനിമയിലേക്ക് വരുന്നത്.

swathy

Content Highlights: manjusha mohandas idea star singer swathy narayanan