പുരുഷന്‍മാര്‍ സൂപ്പര്‍ താരങ്ങളായി അരങ്ങുവാഴുന്ന മലയാള സിനിമയില്‍ ഒരുകാലത്ത് മഞ്ജു വാര്യര്‍ക്ക് വേണ്ടി തിരക്കഥകള്‍ എഴുതിയ കാലമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ വേണു. തന്റെ ഏറ്റവും പുതിയ ചിത്രമായ കാര്‍ബണിന്റെ വിശേഷങ്ങള്‍ മാതൃഭൂമി കപ്പ ചാനലുമായി പങ്കുവയ്ക്കുന്നതിനിടെയാണ് മഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്. 

1998 ല്‍ വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തിയത് മഞ്ജു വാര്യരായിരുന്നു. ഛായാഗ്രാഹന്‍ എന്ന നിലയില്‍ പേരെടുത്ത വേണുവിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ദയ. മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും വേണു ദയയിലൂടെ സ്വന്തമാക്കിയിരുന്നു. 

'മഞ്ജു ദയ ചെയ്തതിന് ശേഷം ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ച് പിന്നീട് വിവാഹിതയായി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നു. കരിയറില്‍ ഏറ്റവും നല്ല സമയത്താണ് മഞ്ജു വിവാഹിതയാകുന്നത്. ആ സമയത്ത് സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി തിരക്കഥ എഴുതിയിരുന്ന പോലെ മഞ്ജുവിന് വേണ്ടിയും സിനിമാക്കാര്‍ കഥ എഴുതിയിരുന്നു.  15 കൊല്ലം കഴിഞ്ഞാണ് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജുവിന്റെ പ്രതിഭയില്‍ മാറ്റം വന്നിട്ടില്ല. കാഴ്ചപ്പാടുകളില്‍ മാറ്റം വന്നേക്കാം. ജന്‍മനാ ലഭിക്കുന്ന സിദ്ധികളില്‍ മാറ്റം വരില്ല. ഇതുപോലുള്ള അഭിനേതാക്കളെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സിനിമാക്കാര്‍ക്ക് പറ്റുന്നില്ല. ഒരു സിനിമ നന്നാകാന്‍ നടന്‍ അല്ലെങ്കില്‍ നടി മാത്രം പോരാ. മറ്റു എല്ലാ ഘടകങ്ങളും നന്നാകണം. സിനിമ മോശമാകുമ്പോള്‍ അഭിനേതാക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.' 

ഫഹദിനെപ്പോലുള്ള ഒരു മികച്ച നടന്റെ സാന്നിധ്യമാണ് കാര്‍ബണിനെ വിജയമാക്കി തീര്‍ത്തതെന്ന് വേണു പറയുന്നു. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അഭിനേതാക്കളില്‍ ഫഹദിന്റെ സ്ഥാനം ഒന്നാം നിരയിലാണെന്നും വേണു അഭിപ്രായപ്പെട്ടു. 

'നല്ല നടന്‍ എന്ന് പറഞ്ഞാല്‍ പോരാ. അതിലും മുകളിലാണ് ഫഹദിന്റെ സ്ഥാനം. ഫഹദിനൊപ്പം ജോലി ചെയ്തപ്പോള്‍ എനിക്കും ഒരുപാട് പഠിക്കാന്‍ പറ്റി. എല്ലാത്തിനെയും സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങളുള്ള നടനാണ്. ഫഹദിന്റെ നിര്‍ദ്ദേശങ്ങള്‍ എനിക്ക് ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട്. കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങി ചെന്നാണ് ഫഹദ് അഭിനയിക്കുന്നത്. ശാരീരികമായി മാത്രമല്ല മാനസികമായി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുപാട് ചിന്തിക്കുന്ന നടനാണ്. വളരെ പോസിറ്റീവ് ആയി കാര്യങ്ങള്‍ നോക്കി കാണുന്ന നടനാണ്'- വേണു കൂട്ടിച്ചേര്‍ത്തു.