അപവാദ പ്രചാരകരോട് പറയാൻ ഒന്ന് മാത്രം, അറിവില്ലായ്മ ഒരു അപരാധമല്ല- മഹേഷ് വെട്ടിയാർ


4 min read
Read later
Print
Share

ഈ ചിത്രത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യരെയും സൗബിൻ ഷാഹിറിനെയും വെറുതെ അപവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൻ്റെ ഉദ്ദേശ്യം വ്യക്തമല്ല. എന്നെ കല്ലെറിയാം, അവരെ വെറുതെ വിടുക

Vellarikka Pattanam Movie poster

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'വെള്ളരിക്കാ പട്ടണം' എന്ന സിനിമയ്ക്കെതിരേ നടക്കുന്ന പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് സംവിധായകൻ മഹേഷ് വെട്ടിയാർ. ഇതിനുള്ള തെളിവുകളും അദ്ദേഹം ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടു. കേരളാ ഫിലിം ചേംബറിൽ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തതിൻ്റെ സർട്ടിഫിക്കറ്റും ഇത് ലഭിക്കുന്നതിനായി ഹാജരാക്കിയ സാക്ഷ്യപത്രവുമാണ് മഹേഷ് ഫെയ്സ് ബുക്ക് കുറിപ്പിനൊപ്പം പങ്കുവച്ചത്.

1985 ൽ പുറത്തിറങ്ങിയ 'വെള്ളരിക്കാ പട്ടണം' എന്ന സിനിമയുടെ സംവിധായകനും നിർമാതാവുമായ തോമസ് ബർളിയുടേതാണ് സാക്ഷ്യപത്രം. സംസ്ഥാനത്ത് സിനിമാ നിർമാണത്തിന് നിർണയിക്കപ്പെട്ടിട്ടുള്ള എല്ലാ നിയമാവലികളും പാലിച്ചുകൊണ്ടും സിനിമാ സംഘടനകളുടെ ചട്ടക്കൂടിനകത്തുനിന്നു കൊണ്ടുമാണ് 'വെള്ളരിക്കാ പട്ടണം' എന്ന സിനിമയുമായി മുന്നോട്ടു പോകുന്നതെന്ന് മഹേഷ് വ്യക്തമാക്കി. തനിക്കും ചിത്രത്തിനും അഭിനേതാക്കൾക്കുമെതിരേ ഇനിയും അപവാദ പ്രചാരണം തുടർന്നാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.

മഹേഷ് വെട്ടിയാറിൻ്റെ ഫെയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം.:

പ്രിയപ്പെട്ടവരെ,

മഞ്ജു വാര്യരെയും സൗബിൻ ഷാഹിറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി
ഞാൻ സംവിധാനം ചെയ്യുന്ന 'വെള്ളരിക്കാപട്ടണം' എന്ന സിനിമയെക്കുറിച്ച് പ്രചരിക്കുന്ന ചില വാർത്തകളുടെ സത്യാവസ്ഥ അറിയിക്കാനാണ് ഈ കുറിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ സിനിമയ്‌ക്കെതിരേ തീർത്തും വാസ്തവവിരുദ്ധമായ വാർത്തകളാണ് ചിലർ പ്രചരിപ്പിക്കുന്നത്. എൻ്റെ വഴി സിനിമ മാത്രമാണ്. അതിലൂടെ വാദപ്രതിവാദങ്ങളിലൊന്നും പെടാതെ സ്വച്ഛമായി സഞ്ചരിച്ച് നല്ല സിനിമകൾ ഒരുക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഇത്രയും ദിവസം നിശബ്ദത പാലിച്ചത്. പക്ഷേ അധിക്ഷേപങ്ങളും ആരോപണങ്ങളും ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജു വാര്യർക്കും സൗബിൻഷാഹിറിനുമെതിരേയും എനിക്കെതിരേയുമുള്ള വ്യക്തിഹത്യയായി മാറിയത് കണ്ട് സഹികെട്ടാണ് ചില കാര്യങ്ങൾ വിശദീകരിക്കുന്നത്.

ആറു വർഷം മുമ്പ് സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചിറങ്ങിയ വനാണ് ഞാൻ. പരാധീനതകളും വേദനകളും എനിക്കുമുണ്ട്. എൻ്റെ കുടുംബവും എന്നെച്ചൊല്ലി ആകുലപ്പെടുന്നുണ്ട്. പക്ഷേ പട്ടിണിയും പരിവട്ടവും പറഞ്ഞ് സിനിമയിൽ ഒന്നും നേടാനാകില്ല എന്ന് എനിക്ക് നന്നായി അറിയാം. പരിശ്രമിക്കുക. അതു മാത്രമാണ് മാർഗം. ഞാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ഒരുപാട് തിരസ്കാരങ്ങളും അവഗണനയും അനുഭവിച്ചിട്ടുണ്ട്. അലഞ്ഞും കിതച്ചും തളർന്നും വെയിലുകൊണ്ടും മഴ നനഞ്ഞുമൊക്കെയുള്ള യാത്രയായിരുന്നു. ഒരു സിനിമ സ്വന്തമായി നിർമിക്കാനുള്ള സാമ്പത്തികാവസ്ഥ എനിക്കില്ല. അതു കൊണ്ട് നിർമാതാക്കളെ തേടിയും അഭിനേതാക്കളെ തേടിയും ഒരുപാട് നടന്നു. ഒടുവിൽ

2018-ൽ നിർമാതാക്കളെ കിട്ടി. കഥ മഞ്ജു വാര്യരോട് ആദ്യം പറഞ്ഞു. പിന്നീട് സൗബിനോടും. 'വെള്ളരിക്കാപട്ടണം' എന്ന പേരാണ് സിനിമയ്ക്കായി കണ്ടെത്തിയത്. മലയാളത്തിൽ സിനിമയെടുക്കാൻ ആഗ്രഹിക്കുന്ന ആരും ചെയ്യുന്നതു പോലെ ഞാനും എൻ്റെ നിർമാതാക്കളും 2019ൽ കേരള ഫിലിം ചേംബറിനെ സമീപിച്ചു. ഫിലിം ചേംബറാണ് മലയാള സിനിമയുടെ പരമാധികാര കേന്ദ്രം. ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് മാത്രമേ നിയമസാധുതയുള്ളൂ. മലയാള സിനിമയിലെ ആരോടു ചോദിച്ചാലും അറിയാവുന്ന നിസാരവിവരമാണിത്. ചേംബറിൽ ഒരു സിനിമ രജിസ്റ്റർ ചെയ്യുന്നതിന് രണ്ടര ലക്ഷം രൂപയുടെ ആവശ്യമില്ല. 5000 രൂപയ്ക്കടുത്ത് മതി. 'വെള്ളരിക്കാപട്ടണം' എന്ന പേരിൽ 1985 ൽ ശ്രീ.തോമസ് ബർളി നിർമിച്ച്, സംവിധാനം ചെയ്ത ചിത്രമുണ്ടെന്ന് ഗൂഗിളിൽ പരതാതെ തന്നെ അറിയാമായിരുന്നു. ആ 'വെള്ളരിക്കാപട്ടണ'ത്തെക്കുറിച്ച് മാത്രമേ ഫിലിം ചേംബറിനും അറിവുണ്ടായിരുന്നുള്ളൂ. 'വെള്ളരിക്കാ പട്ടണം' എന്ന പേര് പുനരുപയോഗിക്കുന്നതിനായി ശ്രീ. തോമസ് ബർളിയെ ഞങ്ങൾ ബന്ധപ്പെട്ടു. തൻ്റെ സിനിമയുടെ പേര് ഉപയോഗിക്കുന്നതിന് അദ്ദേഹം സന്തോഷത്തോടെ ഞങ്ങൾക്ക് അനുമതി തന്നു. (സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിനും കേരള ഫിലിം ചേംബറിനും ശ്രീ.തോമസ് ബർളി നല്കിയ സമ്മതപത്രങ്ങൾ ഇതോടൊപ്പം)

ചേംബറിൽ രജിസ്ട്രേഷന് പോകുന്നതിന് ഒരു മാസം മുമ്പായിരുന്നു ഇത്. ശ്രീ. തോമസ്ബർളിയുടെ സമ്മതപത്രവുമായാണ് ഞങ്ങൾ ഫിലിം ചേംബറിനെ സമീപിച്ചത്. തെന്നിന്ത്യൻ സിനിമയുടെ ടൈറ്റിൽരജിസ്ട്രേഷനിലെ മറ്റൊരിടമായ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണങ്ങൾക്കും, നിർമാതാക്കൾ സമർപ്പിക്കുന്ന രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്കും ശേഷം മാത്രമേ കേരള ഫിലിം ചേംബർ ടൈറ്റിൽ അനുവദിക്കൂ. വേറെ ആരെങ്കിലും ഇതേ പേര് ചേംബറിലോ അതുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ടൈറ്റിൽ കിട്ടില്ല. ഇങ്ങനെയുള്ള എല്ലാ നടപടിക്രമങ്ങൾക്കും പരിശോധനകൾക്കും ശേഷം 2019 നവംബർ 5ന് കേരള ഫിലിം ചേംബർ ഞങ്ങൾക്ക് 'വെള്ളരിക്കാപട്ടണം' എന്ന ടൈറ്റിൽ അനുവദിച്ചു. (ഇതിൻ്റെയും, ലോക്ഡൗണും കോവിഡ്നിയന്ത്രണങ്ങളും മൂലം സിനിമ തുടങ്ങാൻ വൈകിയപ്പോൾ രജിസ്ട്രേഷൻ ക്യത്യമായി പുതുക്കിയതിൻ്റെയും തെളിവ് ഇതോടൊപ്പം)

സൗത്ത് ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്ന സംഘടനയ്ക്ക് മലയാള സിനിമയിൽ നിയമസാധുതയുള്ളതായി എൻ്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ടില്ല. നിങ്ങൾക്കും അന്വേഷിക്കാവുന്നതാണ്. (ഈ സംഘടനയുടെ പേര് ഗൂഗിളിൽ വെറുതേ ഒന്ന് തിരയാൻ അഭ്യർഥിക്കുന്നു)

സിനിമയിലും സാധാരണ ജീവിതത്തിലും ഉച്ചനീചത്വങ്ങളിൽ വിശ്വസിക്കുന്നവനല്ല ഞാൻ.
ഈ സംസ്ഥാനത്ത് സിനിമാ നിർമാണത്തിന് നിർണയിക്കപ്പെട്ടിട്ടുള്ള എല്ലാ നിയമാവലികളും പാലിച്ചുകൊണ്ടാണ് ഞാൻ എൻ്റെ സിനിമയുമായി മുന്നോട്ടു പോകുന്നത്. സിനിമാസംഘടനകളെ വെല്ലുവിളിക്കാനോ 'സംഘടന അനുവദിക്കുന്നവർക്ക് മാത്രമേ സിനിമചെയ്യാൻ അധികാരമുള്ളോ' എന്ന് ക്യാമറയ്ക്ക് മുന്നിൽ നിന്ന് ചോദിക്കാനോ ഞാനില്ല. ഞാൻ എല്ലാ സിനിമാസംഘടനകളുടെയും ചട്ടക്കൂടിനകത്തുനിന്നു കൊണ്ട് സിനിമ ചെയ്യുന്നു. അത് എത്രയും പെട്ടെന്ന് പൂർത്തിയാക്കി നിങ്ങളിലെത്തിക്കാനാണ് ആഗ്രഹം.

ഈ ചിത്രത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യരെയും സൗബിൻ ഷാഹിറിനെയും വെറുതെ അപവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൻ്റെ ഉദ്ദേശ്യം വ്യക്തമല്ല. എന്നെ കല്ലെറിയാം, അവരെ വെറുതെ വിടുക. ഒരു സിനിമയുടെ പേര് തീരുമാനിക്കുന്നതിൽ അതിലെ അഭിനേതാക്കൾക്ക് യാതൊരു പങ്കുമില്ല. അപ്പോൾ പിന്നെ അവർക്കു നേരെയുള്ള ഈ ചെളിവാരിയെറിയൽ എന്തിനാണെന്ന് നിങ്ങൾ തന്നെ വിലയിരുത്തുക.

എൻ്റേത് ഇൻറർനാഷണൽ സിനിമയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ചലച്ചിത്രമേളകളിലെ സാധാരണ പ്രേക്ഷകനായതു കൊണ്ടു തന്നെ അങ്ങനെ വിശ്വസിക്കാനുള്ള മൗഢ്യവും എനിക്കില്ല.

ഞാൻ ആരെയും ദ്രോഹിക്കാനോ ആരുടെയെങ്കിലും സ്വപ്നങ്ങൾ ഇല്ലാതാക്കാനോ അവസരങ്ങൾ നശിപ്പിക്കാനോ ഇല്ല. ഇത് സംബന്ധിച്ച് ഇനിയൊരു വാക്പയറ്റിനുമില്ല. ഞാൻ എൻ്റെ വഴിക്ക് എൻ്റെ സിനിമയുമായി മുന്നോട്ടു പൊയ്ക്കൊള്ളട്ടെ. ഇത്രയും വായിച്ച ശേഷം ഞാൻ തെറ്റു ചെയ്തോ എന്ന് പറയേണ്ടത് നിങ്ങളാണ്.

അപവാദ പ്രചാരകരോട് പറയാൻ ഒന്ന് മാത്രം. അറിവില്ലായ്മ ഒരു അപരാധമല്ല. പക്ഷേ അത് അലങ്കാരവും അഹംഭാവവും അധിക്ഷേപവുമാക്കരുത്. ഇനി 'വെള്ളരിക്കാപട്ടണം' എന്ന സിനിമയ്ക്കോ അതിലെ അഭിനേതാക്കൾക്കോ എനിക്കോ എതിരേ നുണകൾ പ്രചരിപ്പിച്ചാൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മാത്രം പറഞ്ഞു കൊണ്ടും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ അഭ്യർഥിച്ചു കൊണ്ടും, ദീർഘമായിപ്പോയ ഈ വിശദീകരണം അവസാനിപ്പിക്കുന്നു.
നന്ദി....
സ്നേഹത്തോടെ
മഹേഷ് വെട്ടിയാർ

content highlights : Manju Warrier Soubin Shahir movie Vellarikka Pattanam name controversy director response

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kannur Squad

1 min

പ്രതികളെ തേടി ഇന്ത്യയൊട്ടാകെ യാത്ര; മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' വ്യാഴാഴ്ച മുതൽ തിയേറ്ററുകളിൽ

Sep 27, 2023


ramla beegum

1 min

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

Sep 27, 2023


mammootty

1 min

എല്ലാ സിനിമയും കഠിനാധ്വാനത്തിന്റെ ഫലം, 'കണ്ണൂർ സ്ക്വാഡ്' ഉറക്കമിളച്ച് ചെയ്ത ചിത്രം- മമ്മൂട്ടി

Sep 27, 2023


Most Commented